ന്യൂഡല്‍ഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണയുടേതാണ് നിര്‍ദേശം.
പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് രമണയുടെ നിർദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്.
തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. അതില്‍ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാല്‍ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങള്‍ക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എന്‍.വി. രമണ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
വിഷയത്തില്‍ സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷന്‍ ജയ്ദീപ് ഗുപ്തയെ വിളിച്ചുവരുത്തിയാണ് കോടതി രണ്ടാമത് കേസ് പരിഗണിച്ചത്. 50 വയസ് പൂര്‍ത്തിയായ വനിതകളെ മാത്രമെ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാമെന്ന് ജയ്ദിപ് ഗുപ്ത കോടതിയെ അറിയിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഓഗസ്റ്റ് 27ന് കേസ് പരിഗണിച്ച സമയത്ത് ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പക്ഷെ മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളം പോലൊരു സംസ്ഥാനത്തിന് നിയമ നിര്‍മാണത്തിനായി സുപ്രീം കോടതിയുടെ ഇടപെടല്‍ അനിവാര്യമാണോയെന്നും ജസ്റ്റിസ് രമണ ചോദിച്ചു.
നാലാഴ്ചക്കകം ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. നിയമ നിര്‍മാണത്തിന് കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നിലവില്‍ തീര്‍ത്ഥാടന കാലമാണ്. അത് കഴിഞ്ഞതിന് ശേഷം നിയമ നിര്‍മാണത്തിലേക്ക് കടക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. പക്ഷെ ഈ വാദം കോടതി അംഗീകരിച്ചില്ല.
കേസ് ഇന്ന് പരിഗണിച്ച സമയത്ത് മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറിയ നിയമത്തിന്റെ കരടില്‍ വനിതകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഭരണ സമിതിയില്‍ മൂന്നിലൊന്ന് സംവരണം ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഏഴംഗബെഞ്ച് യുവതികളെ പ്രവേശിപ്പിക്കരുതെന്ന നിലപാടിലെത്തുകയാണെങ്കില്‍ ഭരണസമിതിയിലെ വനിതകള്‍ക്ക് എങ്ങനെ ശബരിമലയിലെത്താന്‍ കഴിയുമെന്ന് ജസ്റ്റിസ് രമണ കേസ് പരിഗണിച്ച വേളയില്‍ ചോദിച്ചിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജി. പ്രകാശ് ലിംഗനീതിയാണ് തങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന നിലപാടെന്ന് കോടതിയെ അറിയിച്ചു. തിരുവിതാംകൂറിലെ ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ മുഴുവന്‍ ഭരണസമിതിയെപ്പറ്റിയാണ് നിയമമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഏഴംഗ ബെഞ്ചിന്റെ തീരുമാനം യുവതി പ്രവേശനത്തിന് എതിരാണെങ്കില്‍ ദേവസ്വം ബോര്‍ഡിലെ വനിതാ അംഗത്തിന് ശബരിമലയിലെത്താന്‍ സാധിക്കില്ലെന്ന അഭിപ്രായം ജസ്റ്റിസ് രമണ ആവര്‍ത്തിച്ചു. അതിനാല്‍ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ശബരിമലയുടെ ഭരണനിര്‍വഹണത്തിനായി പ്രത്യേക നിയമം വേണമെന്നുമുള്ള നിലപാട് ജസ്റ്റിസ് രമണ അറിയിച്ചത്. ഇതിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ കോടതി വിളിച്ചുവരുത്തിയത്.
Content Highlights: need special law for sabarimala temple says SC