കോഴിക്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സമരസമിതി നല്‍കിയ നിവേദനമാണ് കേന്ദ്രസര്‍ക്കാരിന് കൈമാറിയതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ജനങ്ങളുടെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ സംബന്ധിച്ച് മറ്റുള്ളരീതിയില്‍ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനം അട്ടിമറിച്ചത് പി.എസ്. ശ്രീധരന്‍പിള്ളയാണെന്ന തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പി.എച്ച്.ഡി. കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ശ്രീധരന്‍പിള്ള തോമസ് ഐസക്കിനെ പരിഹസിച്ചു. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായതിനാല്‍ പലരും വന്ന് നിവേദനങ്ങള്‍ തരാറുണ്ട്. അതെല്ലാം വായിച്ചുനോക്കി ബി.ജെ.പി.യുടെ കവറിങ് ലെറ്റര്‍ വച്ച് കേന്ദ്രസര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ അയച്ചുനല്‍കും. ഈ സംഭവത്തിലും അതാണുണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷപദം കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് ശ്രീധരന്‍പിള്ളയെന്ന് മന്ത്രി തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു. ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്തു സഹിതമായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കേരളത്തിന്റെ ദേശീയപാത വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
Content Highlights: national highway development; bjp state president ps sreedharan pillai against thomas issac