കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ഹൈക്കോടതി നടന്‍ നാദിര്‍ഷയോട് നിര്‍ദേശിച്ചു.
മറ്റന്നാള്‍ രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ മുന്‍പാകെ ഹാജരാവാനാണ് നാദിര്‍ഷയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍.
നാദിര്‍ഷയുടെ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18-ലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാദിര്‍ഷയെ പോലീസിന് ചോദ്യംചെയ്യാമെങ്കിലും ഹൈക്കോടതി അപേക്ഷയില്‍ തീരുമാനമെടുക്കും വരെ അറസ്റ്റ് ചെയ്യുവാന്‍ സാധിക്കില്ല.
അതേസമയം കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് നേരെ രൂക്ഷമായ വിമര്‍ശനമാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും ചോദിച്ചു.
കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ പോലീസ് ചോദ്യം ചെയ്യുന്നതായുള്ളവാര്‍ത്തകളിലും ഹൈക്കോടതി ഇന്ന് വിശദീകരണം ആരാഞ്ഞു.
കേസ് അന്വേഷണം എന്ന് തീരുമെന്ന ചോദിച്ച കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍സുനിയെ ചോദ്യം ചെയ്യുന്നതെന്നുള്ള സംശയം പ്രകടിപ്പിച്ചു.
മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും ഇന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പോലീസിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പറഞ്ഞു
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ പുറത്തു വരുന്നുണ്ടെന്ന് ഹര്‍ജിയിന്‍ മേലുള്ള വാദത്തിനിടെ നാദിര്‍ഷയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഈ പ്രകാരം വാര്‍ത്തകള്‍ പ്രചരിക്കുകയാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ഹൈക്കോടതിയുടെ പ്രതികരണം.