കോഴിക്കോട്: പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
നിയമസഭാ കവാടത്തില്‍നിന്നോ എം.എല്‍.എ ഹോസ്റ്റലില്‍നിന്നോ മറ്റോ ആണ് അറസ്റ്റെങ്കില്‍ ചില നടപടി ക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒന്നും ആരും ഇതുവരെ ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡോ. മെഹറൂഫ് രാജിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ആരോപണവുമായി പാലാരിവട്ടം അഴിമതി കേസില്‍ റിമാന്‍ഡില്‍ക്കഴിയുന്ന പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് രംഗത്തെത്തിയിരുന്നു.
നിര്‍മാണ ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് നിശ്ചിത തുക മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചത് ഇബ്രാഹിം കുഞ്ഞാണെന്ന് ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. അഴിമതിക്കേസില്‍ ജാമ്യംതേടിയുള്ള ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്. പാലം പണിതകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്.
Content Highlights: My permission not required to take action against Ibrahim Kunju - Speaker