തിരുവനന്തപുരം: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പു ചോദിച്ചു. മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പു ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇത്. ആസ്പത്രികള്‍ ചികിത്സ നിഷേധിച്ചത് ക്രൂരമാണ്. ചികിത്സ നിഷേധിക്കുന്ന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വേണമെങ്കില്‍ നിയമം പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്‌തെങ്കിലും വൈകിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും സംഭവത്തില്‍ പ്രതികരണമുണ്ടാകുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയായി നിയമസഭയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കൊല്ലത്തു നിന്നും സ്വകാര്യ ആസ്പത്രിയില്‍ നിന്നും ചികിത്സ നിഷേധിച്ച മുരുകന്‍ ആംബുലന്‍സില്‍ വെച്ചാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മൂന്ന് ആസ്പത്രികളാണ് ഇയാള്‍ക്ക് ചികിത്സ നിഷേധിച്ചത്. വെന്റിലേറ്ററില്ലെന്നും കൂട്ടിരിപ്പുകാരില്ലെന്നും കാരണം പറഞ്ഞാണ് ആസ്പത്രികള്‍ ചികിത്സ നിഷേധിച്ചത്. തുടര്‍ന്ന് ഏഴുമണിക്കൂറോളം ആംബുലന്‍സില്‍ ചിലവഴിച്ചാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ ആസ്പത്രിക്കെതിരെ പോലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
Share this Article