കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ മനുഷ്യക്കടത്തുകളിലേക്ക്. 2013ല്‍ മുനമ്പത്തുനിന്ന് 70 പേര്‍ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ഐലന്‍ഡിലേക്ക് കടന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ജനുവരി 12ന് നടന്ന മനുഷ്യക്കടത്തു കേസില്‍ പിടിയിലായ പ്രതി പ്രഭു ദണ്ഡപാണിയുടെ മൊഴിയാണ് അഞ്ചു വര്‍ഷം മുമ്പു നടന്ന മനുഷ്യക്കടത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ നിന്നാണ് പ്രഭു ദണ്ഡപാണിയെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളും ജനുവരി 12ന് പുറപ്പെട്ട സംഘത്തോടൊപ്പം പോകാനിരുന്നതായിരുന്നു. എന്നാല്‍, പണം പൂര്‍ണമായും നല്‍കാന്‍ കഴിയാതിരുന്നതോടെ ഭാര്യയെയും കുട്ടികളെയും കയറ്റിവിട്ട് അടുത്ത തവണ പോകാനായി താനിവിടെ തങ്ങുകയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.
2013ലും താന്‍ മുനമ്പത്തുനിന്ന് ഓസ്‌ട്രേലിയക്ക് കടന്നിരുന്നെന്നും രണ്ടു വര്‍ഷം അവിടെ ജോലി ചെയ്തിരുന്നെന്നും പ്രഭു പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലെ ഇയാളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഓസ്‌ട്രേലിയയിലെ താല്‍ക്കാലിക പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും പോലീസ് കണ്ടെടുത്തു. ഓസ്‌ട്രേലിയയില്‍ പിടിയിലായ ശേഷം അവിടെനിന്ന് തിരിച്ചയയ്ക്കാനായാണ് അധികൃതര്‍ താല്‍ക്കാലിക പാസ്‌പോര്‍ട്ട് നല്‍കിയിരുന്നത്.
മുനമ്പത്തുനിന്ന് കൂടുതല്‍ മനുഷ്യക്കടത്തുകള്‍ നടന്നുവെന്ന കണ്ടെത്തല്‍ പോലീസിനും പുതിയ അറിവാണ്. ഇന്റലിജന്‍സിന്റെ ഉള്‍പ്പെടെ വീഴ്ചയായാണ് മനുഷ്യക്കടത്ത് വിലയിരുത്തപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ വര്‍ഷം നടന്ന മനുഷ്യക്കടത്തും കണ്ടെത്താതെ പോകുമായിരുന്നെന്ന ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, ഇത്തവണ മനുഷ്യക്കടത്ത് സംഘം ഓസ്‌ട്രേലിയയിലേക്കല്ല ന്യൂസിലാന്‍ഡിലേക്കാണ് പോയിരിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പോയ ദിവസമനുസരിച്ച് ഇവര്‍ അവിടെയെത്താന്‍ സമയമായിട്ടില്ല. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഇവരെ തിരിച്ചയക്കാനുള്ള നടപടികളും ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ അധികൃതരുമായി ചേര്‍ന്ന് പോലീസ് നടത്തുന്നുണ്ട്.
Content Highlights: Human trafficking, Munambam, kerala