കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പോലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ശ്രീകാന്തന്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്തിലെ ഇടനിലക്കാരനായ പ്രഭു ദണ്ഡപാണിയെ പോലീസും കേന്ദ്ര ഏജന്‍സികളും വിശദമായി ചോദ്യംചെയ്തു. മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായാണ് കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
ഇതിനിടെ ഇരുന്നൂറോളം പേര്‍ കൊച്ചിയില്‍നിന്ന് യാത്രതിരിച്ച ദയാമാത ബോട്ടിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മുനമ്പത്ത് നിന്ന് മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടിന്റെ ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസിന് ലഭിച്ചത്. ഈ ബോട്ട് വാങ്ങിയശേഷമാണ് മനുഷ്യക്കടത്ത് സംഘം ഇരുന്നൂറോളം പേരെ മുനമ്പത്ത് നിന്നും വിദേശത്തേക്ക് കടത്തിയത്.
നേരത്തെ ഡല്‍ഹിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭു ദണ്ഡപാണിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ശ്രീകാന്തന്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പ്രഭു നല്‍കിയ വിവരം. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി മേഖലകളില്‍ ഉള്‍പ്പെടെ ശ്രീകാന്തനു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി. വിദേശ ഏജന്‍സികളുടെ സഹായവും കേസുമായി ബന്ധപ്പെട്ട് പോലീസ് തേടിയിട്ടുണ്ട്. മുനമ്പത്തുനിന്ന് പോയവര്‍ ഇന്‍ഡൊനീഷ്യന്‍ തീരം വരെ എത്തിയെന്നാണ് പോലീസിന് ലഭിച്ച സൂചന.
Content Highlights: munambam human trafficking case;police investigation is going on.