മോട്ടോര്‍ വാഹന നിയമം: കേന്ദ്രത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍


മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പിഴത്തുക ഉയര്‍ത്തിയ നടപടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിഴ നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

കണ്ണൂര്‍: മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴത്തുക നിശ്ചയിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. പിഴത്തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും ഇക്കാര്യം നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പിഴത്തുക ഉയര്‍ത്തിയ നടപടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിഴ നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

പിഴത്തുക തീരുമാനിക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് കര്‍ശന നടപടികളുണ്ടാവില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. ഉത്തരവ് ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പിഴത്തുകയില്‍ മാത്രമല്ല, മോട്ടോര്‍ വാഹന മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നല്‍കാനുള്ള നീക്കത്തെയും എതിര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് മന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 16-ന് ഈ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നിയമ സെക്രട്ടറി, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗവും മന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Content Highlights: motor vehicle act fine amount; minister ak saseendran welcomes union govt's decision

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram