കേരളം മഴയില്‍ മുങ്ങി; 22 മരണം, പലയിടത്തും ഉരുള്‍പൊട്ടല്‍


8 min read
Read later
Print
Share

ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്പാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു. വയനാട്ടില്‍ മൂന്നു പേരും കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു. എറണാകുളം ജില്ലയിലെ ഐരാപുരത്ത് രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു.

കാലവര്‍ഷം കലി തുള്ളിയപ്പോള്‍ സംസ്ഥാനത്ത് ദുരന്തപ്പെരുമഴ. വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയില്‍ 22 പേരാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഉള്‍പ്പെടെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്പാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു. വയനാട്ടില്‍ മൂന്നു പേരും കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു. എറണാകുളം ജില്ലയിലെ ഐരാപുരത്ത് രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു.

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും തുറന്നു. ഇടമലയാര്‍, കക്കി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടമലയാറിലെ വെള്ളം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ജലനിരപ്പ് ഉയര്‍ത്തി. രണ്ടു മണിക്കൂര്‍ നേരം വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ല. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തില്‍ മുങ്ങി. എറണാകുളം ജില്ലയിലെ 10 ക്യാമ്പുകളിലായി 600 ല്‍ പരം പേരെ പാര്‍പ്പിച്ചിട്ടുണ്ട്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് സന്ദര്‍ശകരെ വിലക്കി.

പാലക്കാട് നഗരത്തില്‍ വെള്ളം കയറി. മലമ്പുഴ ഡാം തുറന്നു വിട്ടതിനാല്‍ ഭാരതപ്പുഴയിലും കല്‍പ്പാത്തിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. മലപ്പുറം വണ്ടൂരില്‍ റോഡ് ഒലിച്ചുപോയി. കോഴിക്കോട് - ഗൂഡല്ലൂര്‍ റോഡില്‍ വെള്ളം പൊങ്ങിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കി

  • കനത്തമഴ ഏറ്റവും നാശം വിതച്ചത് ഇടുക്കി ജില്ലയിലാണ്. ജില്ലയില്‍ ആകെ 11 മരണം. ഏഴ് പേരെ കാണാതായി.
  • ഇടുക്കി അടിമാലി കൂമ്പന്‍ പാറക്ക് സമീപം ഉരുള്‍പൊട്ടലില്‍ മരിച്ച അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. പാത്തുമ്മ(65), മുജീബ്(38), ഷമീന(35) നിയ(7) മിയ(5) എന്നിവരാണ് മരിച്ചത്. കൊരങ്ങട്ടില്‍ മോഹനന്‍ കുറുമ്പനക്കല്‍(52), ഭാര്യ ശോഭന(41) എന്നിവരും മരിച്ചു.
  • ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേര്‍ മരിച്ചു.
ഇടുക്കി അടിമാലി കൂമ്പൻ പാറക്ക് സമീപം 5 പേരുടെ മരണത്തിന്
ഇടയാക്കിയ ഉരുൾ പൊട്ടിയ സ്ഥലത്തെ ദൃശ്യം - പി.പി.ബിനോജ്
  • മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജില്ലയുടെ പല മേഖലകളിലും റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
  • രാജപുരം ക്രിസ്തുരാജ് എല്‍.പി സ്‌കൂളിനു സമീപം ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. കരികുളത്തില്‍ വീട്ടില്‍ മീനാക്ഷി അവരുടെ മകന്‍ രാജന്‍, മകള്‍ ഉഷ എന്നിവരെയാണ് കാണാതായത്.
  • കഞ്ഞിക്കുഴി വിലേജ് ചുരുളില്‍ ഉരുള്‍ പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു.
  • കൊന്നത്തടി വില്ലേജില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് 12 പേരെ പന്നിയാര്‍കുട്ടി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.
  • മണ്ണിടിച്ചലിനെ തുടര്‍ന്ന് ജില്ലയുടെ പലഭാഗത്തും റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്.
  • നേര്യമംഗലം- പമ്പള-കീറിതോട് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
  • ഉടുമ്പന്‍ചോല റോഡ്, രാജാക്കാട് പൊന്‍മുടി റോഡ്, രാജാക്കാട്- എ.എം.സി.എച്ച് സിറ്റി, ചെമ്മണ്ണാര്‍- ഉടുമ്പന്‍ചോല എന്നീ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
  • കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു.

ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നപ്പോള്‍

മുരിക്കാശേരി രാജപുരത്തെ ഉരുള്‍പൊട്ടല്‍.

മലപ്പുറം

  • ഇന്നു പുലര്‍ച്ചെ നിലമ്പൂര്‍ ചെട്ട്യാംപാറ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ജില്ലാ ഭാരണകൂടം സൈന്യത്തിന്റെ സഹായം തേടി.
  • നിലമ്പൂര്‍ ടൗണില്‍ മൂന്നിടത്ത് വെള്ളം കയറിയതിനാല്‍ ഗതാഗതം സ്തംഭിച്ചു.
  • കാളികാവ്, കരുവാരക്കുണ്ട് വനമേഖലകളില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ ചാലിയാറില്‍ മൂന്നു മീറ്ററോളം ജലനിരപ്പ് ഉര്‍ന്നു. നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
  • നിലമ്പൂര്‍-വണ്ടുര്‍ റോഡിലെ വടക്കുംപാടം നായാട്ടുകല്ലില്‍ റോഡ് പ്രളയത്തില്‍ തകര്‍ന്ന് ഒലിച്ചുപോയി.
  • മണ്ണിടിച്ചിലില്‍ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസ് നശിച്ചു.
  • ചാലിയാറും പോഷക നദികളും കരകവിഞ്ഞൊഴുകുന്നു.
  • അന്തര്‍സംസ്ഥാന പാതകളിലടക്കം വെള്ളം കയറി ഗതാഗതം മുടങ്ങി
  • നിലമ്പൂര്‍ വഴിക്കടവ് വഴിയുള്ള ലോറി ഗതാഗതം തടയുമെന്ന് സ്പീക്കര്‍ ശ്രരാമകൃഷ്ണന്‍ അറിയിച്ചു
  • നിലമ്പൂരിലും കൊണ്ടോട്ടിയിലുമായി 20 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
  • രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട്

വണ്ടൂരില്‍ റോഡ് വെള്ളത്തില്‍ ഒലിച്ചുപോയി

വയനാട്

  • മലബാര്‍ മേഖലയില്‍ ഏറ്റവുമധികം ദുരന്തം വിതച്ചത് വയനാട് ജില്ലയിലാണ്. ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട്(അതീവ ജാഗ്രതാ നിര്‍ദേശം) പ്രഖ്യാപിച്ചു.
  • ജില്ല ഏറെക്കുറെ പൂര്‍ണമായും ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും. വ്യോമസേനയുടെ രണ്ടു വിമാനങ്ങളിലാണ് ഇവരെത്തുക.
  • ജില്ലയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണം. വൈത്തിരിയില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.
  • താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം, പാല്‍ചുരം എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം ഇടയിക്കിടെ സ്തംഭിച്ചു.
  • താമരശേരി. കുറ്റ്യാടി ചുരങ്ങളിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. ദുരന്ത പ്രതികരണ സേനയുടെ രണ്ട് ടീം ഇന്ന് വൈകീട്ടെത്തും. രണ്ട് സംഘങ്ങളിലായി 100 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുക.
  • വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ പെയ്തത്.

വൈത്തിരിയില്‍ ഉരുള്‍പൊട്ടിയപ്പോള്‍

കോഴിക്കോട്

  • ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ കണ്ണപ്പന്‍കുണ്ടില്‍ ഒരു യുവാവ് മരിച്ചു. യുവാവും കാറും ഒഴുക്കില്‍ പെടുകയായിരുന്നു.
  • കണ്ണപ്പന്‍കുണ്ട് പുഴ ഗതിമാറിയൊഴുകി, 52 കുടുംബങ്ങളെ മാറ്റി മാര്‍പ്പിച്ചു. ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചു
  • ചൂരടി മലിയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് കുറ്റ്യാടി-വയനാട് റോഡിന്റെ ഭാഗങ്ങള്‍ ഒലിച്ചുപോയി.
  • കക്കയം ഡാം തുറന്നതിനാല്‍ 27 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
  • താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ക്കുള്ള വിലക്ക് തുടരും.
  • മലയോര പ്രദേശങ്ങള്‍ വഴിയുള്ള യാത്രയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കളക്ടറുടെ നിര്‍ദേശം.

തകര്‍ന്നു കിടക്കുന്ന താമരശേരി ചുരം

എറണാകുളം

  • കോലഞ്ചി കുന്നുക്കുരുടിയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് മരണം. വിദ്യാര്‍ത്ഥികളായ മണ്ണൂര്‍ കൊല്ലേരി മൂലയില്‍ ഗോപീകൃഷ്ണനും(17) കൊച്ചി കണ്ടന്‍കടവ് കോയില്‍പറമ്പില്‍ അലനനു(17)മാണ് മരിച്ചത്.
  • ഇടമലയാറിലെ വെള്ളം നിറഞ്ഞ് മുളവുകാട് കായല്‍ അപകടാവസ്ഥയില്‍.
  • പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ ആലുവ മണപ്പുറവും ശിവക്ഷേത്രവം വെള്ളത്തില്‍ മുങ്ങി.
  • നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏറെ നേരം വിമാന സര്‍വീസുകള്‍ മുടങ്ങി. ആദ്യഘട്ടത്തില്‍ വിമാനം ഇറങ്ങുന്നതു റദ്ദാക്കിയപ്പോള്‍ പിന്നീട് പുറപ്പെടുന്നതും വിലക്കി. എങ്കിലും വൈകുന്നേരത്തോടെ വിമാനസര്‍വീസ് പുനഃരാരംഭിച്ചു.
  • എറണാകുളം ഒക്കല്‍ തുരുത്തിലെ താമസക്കാരെ ഒഴിപ്പിച്ചു.
  • ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ ക്യാമ്പ് ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്യുന്നു.

നെടുമ്പാശേരിയില്‍ വിമാനസര്‍വീസ് നിര്‍ത്തിവെച്ചു

പാലക്കാട്

  • മലമ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ 150 സെന്റി മീറ്റര്‍ ഉയര്‍ത്തിയതോടെ ജില്ലയില്‍ പലയിടത്തും മിന്നല്‍പ്രളയം. നഗരത്തില്‍ പലയിടത്തും കടകളില്‍ വെള്ളം കയറി.
  • കല്‍പ്പാത്തി പുഴയില്‍ വെള്ളം കവിഞ്ഞു. പുഴയുടെ കൈവഴികള്‍ നിറഞ്ഞതോടെ ഒലവക്കോട് ജങ്ഷന്‍ വെള്ളത്തിലായി.
  • കഞ്ചിക്കോട് വനമേഖലയില്‍ ഉരുള്‍പൊട്ടി. വെള്ളപ്പാച്ചിലില്‍ റെയില്‍വേ ട്രാക്ക് ഒഴുകിപ്പോയി.
  • ആളിയാര്‍ അണക്കെട്ടില്‍നിന്ന് 5000 അടി വെള്ളം ഭാരതപ്പുഴയില്‍ എത്തുന്നുണ്ട്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.
  • പോത്തുണ്ടി ഡാം, മംഗലം ഡാം എന്നിവയും തുറന്നിട്ടുണ്ട്.
  • ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രദേശത്തെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ പത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

പാലക്കാട് നഗരം വെള്ളത്തില്‍

മലമ്പുഴ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നപ്പോള്‍

കണ്ണൂര്‍

  • ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളാണ് ഇതുവരെയുണ്ടാകാത്ത പ്രളയത്തിന് സാക്ഷ്യം വഹിക്കുന്നത്. അയ്യന്‍കുന്ന്, ആറളം, ഇരിട്ടി, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, കരിക്കോട്ടക്കരി തുടങ്ങിയ പഞ്ചായത്തുകളിലാണ് വന്‍ നശനഷ്ടം.
  • ഈ മേഖലകളിലുടനീളം 12 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നാല് വീടുകള്‍ പൂര്‍ണമായും നശിച്ചു.
  • നആറളം തുരുത്തും കേളകവും പൂര്‍ണമായും വെള്ളത്തിനടയിലായിട്ടുണ്ട്. കണിച്ചാര്‍ ടൗണില്‍ വെള്ളം കയറി്.
  • ബാവലി പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകുന്നു. കൊട്ടിയൂരിനെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയില്‍ ഏഴിടത്തായി ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഗതാഗതം പൂര്‍ണമായും തടസപെട്ടു.
  • കൊട്ടിയൂര്‍ മേഖലയില്‍നിന്ന് നൂറോളം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
  • പലയിടത്തും ഉരുള്‍പൊട്ടല്‍. പറശിനിക്കടവ് ക്ഷേത്രത്തില്‍ വെള്ളം കയറി.
  • കൊട്ടിയൂരില്‍ ഒരു കെട്ടിടം ഇടിഞ്ഞുവീണു. മലയോര മേഖലയില്‍ കനത്ത നാശനഷ്ടം.
  • ശ്രീകണ്ഠാപുരത്ത് നൂറിലേറെ കടകള്‍ വെള്ളത്തിനടിയിലായി.

കൊട്ടിയൂര്‍ നെല്ലിയോടിയില്‍ ഉരുള്‍പൊട്ടിയപ്പോള്‍

പത്തനംതിട്ട

  • ശബരിഗിര ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്. ജലനിരപ്പ് 986 മീറ്റര്‍. 3 അടി കൂടി നിറഞ്ഞാല്‍ പരമാവധി സംഭരണശേഷിക്കു മുകളിലാവും.
  • ശബരിഗിരിയുടെ ഭാഗമായ കക്കിയുടെ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. കക്കി, പമ്പ നദികളിലെ ജലനിരപ്പ് ഒരു മീറ്ററിലധികം ഉയര്‍ന്നു. പമ്പ കൂടി തുറന്നാല്‍ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും.
  • കുട്ടനാട്, അപ്പര്‍ കുട്ടനാട് എന്നിവിടങ്ങളിലുള്ളവര്‍ക്കായിരിക്കും ബുദ്ധിമുട്ടു നേരിടേണ്ടി വരിക. പമ്പാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃശൂര്‍

  • കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഏറ്റവും അധികം വെള്ളം ഇത്തവണ അതിരപ്പിള്ളിയിലെത്തി.
  • വെള്ളം ഉയര്‍ന്നത് കാരണം അതിരിപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി
  • ഒരാചയ്ക്കിടെ രണ്ടാം തവണയാണ് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചിടുന്നത്.
  • പെരിങ്ങല്‍കുത്ത്, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നതും മലയോര മേഖലയില്‍ മഴപെയ്തതും അതിരിപ്പിള്ളി നിറഞ്ഞ് കവിയാന്‍ കാരണമായി.
  • വാഴച്ചാല്‍, ചാപ്പ വെള്ളച്ചാട്ടങ്ങളും നിറഞ്ഞു കവിഞ്ഞു
  • അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഗതാഗതത്തിന് നിയന്ത്രണം
  • കുതിരാന്‍ തുരങ്കത്തിനു മുകളില്‍ മല ഇടിഞ്ഞുവീണു.

ആലപ്പുഴ

  • ശനിയാഴ്ച നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വച്ചു. ജലോത്സവം 18-നും 21-നും ഇടയില്‍ നടത്താന്‍ സാധ്യത.
  • ജില്ലയില്‍ നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കോട്ടയം

എം.ജി സര്‍വ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

content highlights: monsoon hit kerala again 22 dead, dams opened, landslide and floods affected many districts

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ കണ്ണൂര്‍ കളക്ടര്‍

Aug 24, 2019


കൃഷ്ണപ്രിയ

1 min

ഇരട്ടക്കുട്ടികളെ താലോലിക്കാന്‍ കൃഷ്ണപ്രിയ എത്തില്ല; കണ്‍മണികളെ കാണാതെ യാത്രയായി

Feb 13, 2022


mathrubhumi

1 min

കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Aug 7, 2019