തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും ഒരാഴ്ച വൈകി കാലവര്‍ഷം ശനിയാഴ്ച കേരളത്തിലെത്തിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. മണ്‍സൂണ്‍ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹോപാത്ര അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മണ്‍സൂണിന് തൊട്ടുമുമ്പ് കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നെങ്കിലും 65 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും ശുഷ്‌കമായ മഴയാണ് രേഖപ്പെടുത്തിയതെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചനകേന്ദ്രമായ സ്‌കൈമെറ്റ് പറഞ്ഞു.
വേനല്‍മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് ജലസംഭരണികളിലെ വെള്ളത്തിന്റെ അളവിനേയും രാജ്യത്തിന്റെ പലഭാഗത്തും കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏകദേശം നാല് മാസം രാജ്യത്തുടനീളം മണ്‍സൂണ്‍ നീണ്ടുനില്‍ക്കും.
ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ 9, 10, 11 തീയതികളില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാന്നാര്‍ കടലിടുക്കിലും ഈ ദിവസങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അറബിക്കടലില്‍ മധ്യപടിഞ്ഞാറന്‍ ഭാഗത്തായി ഞായറാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് അനുകൂലമാണ്. കേരള-കര്‍ണാടക തീരക്കടലില്‍ തീരത്തുനിന്നകന്ന് വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ന്യൂനമര്‍ദം നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതു വടക്കന്‍ സംസ്ഥാനങ്ങളിലേക്കു കാലവര്‍ഷത്തെ നയിക്കുമെന്നാണ് കരുതുന്നത്.
നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നു. ജാഗ്രത പാലിക്കാനും ക്യാമ്പുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെ മുന്നൊരുക്കം നടത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ഓറഞ്ച് അലര്‍ട്ട്
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
യെല്ലോ അലര്‍ട്ട്
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച വയനാട് ജില്ലയിലും നേരത്തേതന്നെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Monsoon Kerala India Meteriological Department