കൊച്ചി: പാലാരിവട്ടം മേല്‍പാല അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മേല്‍പാല നിര്‍മാണ അഴിമതിയിലൂടെ ലഭിച്ച കോടികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ പ്രമുഖ ദിനപത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കൊച്ചി കളമശ്ശേരി സ്വദേശിയായ ജി. ഗിരീഷ് ബാബു എന്നയാളാണ് ഹര്‍ജിക്കാരന്‍. ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ പ്രസിദ്ധീകരണ സ്ഥാപനം അച്ചടിക്കുന്ന മലയാള ദിനപത്രത്തിന്റെ അക്കൗണ്ടുകളിലേക്കാണ് സംശയാസ്പദമായ രീതിയില്‍ കോടികളുടെ പണമിടപാട് നടന്നതെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്.
2016 നവംബര്‍ 15 ന് വി.കെ ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ കോഴിക്കോട്ടെ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ പഞ്ചാബ് നാഷണല്‍ബാങ്ക് എറണാകുളം മാര്‍ക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടിരൂപ എത്തിയെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.
പി.എ അബ്ദുള്‍ സമീര്‍ എന്നയാളാണ് ഇത്രയധികം തുക മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. ഇതേ ദിവസം തന്നെ എസ്ബിഐയുടെ കലൂര്‍ ശാഖയിലുള്ള ഇതേ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും അബ്ദുള്‍ സമീര്‍ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ടസാധുവാക്കല്‍ സമയത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ നടന്ന ഈ രണ്ട് പണകൈമാറ്റങ്ങളും സംശയാസ്പദമാണ്.
മാത്രമല്ല ഇത്രയധികം തുക കൈമാറ്റം ചെയ്തിട്ടും അതിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇബ്രാഹിം കുഞ്ഞിന് വേണ്ടി കള്ളപ്പണം വെളുപ്പിക്കാനായി നടന്ന ബിനാമി ഇടപാടാണ് ഈ പണമിടപാടെന്ന് സംശയിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.
വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. പാലാരിവട്ടം അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിനോട് ഈ ആരോപണങ്ങള്‍ കൂടി അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Money laundering allegation against former minister V K Ibrahim kunju