അഡീ.ചീഫ് സെക്രട്ടറിക്ക് അച്ചടക്കമില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകും- വി.എസ് സുനില്‍കുമാര്‍


നെല്‍വയല്‍ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള തീരുമാനം കൃഷി വകുപ്പ് മന്ത്രിക്ക് മോക്ഷം കിട്ടാനല്ലെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

തൃശൂര്‍: അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പറയാന്‍ പാടില്ലാത്തതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. അച്ചടക്കമില്ലാത്ത പ്രതികരണമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നുണ്ടായത്. നെല്‍വയല്‍ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള തീരുമാനം കൃഷി വകുപ്പ് മന്ത്രിക്ക് മോക്ഷം കിട്ടാനല്ലെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതി വിരുദ്ധമാണെന്നും അത് വന്‍ നഷ്ടമുണ്ടാക്കുന്നതാണെന്നും നെല്‍കൃഷി വര്‍ധിപ്പിക്കുന്നത് എന്തോ മോക്ഷമായാണ് മന്ത്രി കാണുന്നതെന്നുമായിരുന്നു പി.എച്ച് കുര്യന്റെ പ്രസ്താവന. ഇതിനെതിരെയാണ് മന്ത്രി രംഗത്ത് വന്നത്.

നെല്‍കൃഷിയുടെ വിസ്തൃതി മൂന്ന് ലക്ഷം ഹെക്ടറിലേക്ക് വര്‍ധിപ്പിക്കുക എന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. ആ നയം നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ മന്ത്രിയെ പരിഹസിക്കുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. കുട്ടനാട് കൃഷി അസാധ്യമാണെന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല.

മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ഇക്കാര്യം ബോധിപ്പിക്കും. ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാം. പക്ഷെ അത് ഗവണ്‍മെന്റ് ചെലവില്‍ നടക്കില്ല. കുട്ടനാട്ടിലെ നെല്‍കൃഷി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൃഷി നഷ്ടമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില ആളുകള്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരങ്ങള്‍ പറയാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നത്.

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഹാസം അംഗീകാരമായാണ് കാണുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ അട്ടിമറിക്കാന്‍ കഴിയുന്നതല്ല ഇടതുപക്ഷ സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.

content highlights: minister vs sunil kumar against additional chief secretary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram