കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ മനസ്സിലാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കുണ്ടന്നൂര്‍ ജങ്ഷന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം വന്‍ഗതാഗതക്കുരുക്കായിരുന്നു പ്രദേശത്ത് അനുഭവപ്പെട്ടത്.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് താനോ പൊതുമരാമത്ത് വകുപ്പോ ഉത്തരവാദികളല്ലെന്ന് മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കിനെ കുറിച്ച് ജില്ലാ പോലീസ് മേധാവിയോടും ജില്ലാ കളക്ടറോടുമാണ് അന്വേഷിക്കേണ്ടത്. പി.ഡബ്ലു.ഡിക്ക് റോഡ് പണി മാത്രമെ ചെയ്യാന്‍ സാധിക്കു. ഗതാഗതം നിയന്ത്രിക്കേണ്ടത് പോലീസാണ്. എന്‍ജിനീയര്‍മാര്‍ക്ക് റോഡ് പണിയാന്‍ മാത്രമെ സാധിക്കു. ഗതാഗതക്കുരുക്കുണ്ടെങ്കില്‍ ഗതാഗത സംവിധാനം പരിഷ്‌ക്കരിക്കണം. റോഡുകളുടെ അവസ്ഥ പൊതുവേ മോശമല്ല. അത് വെറുതെ എഴുതിപ്പിടിപ്പിക്കുന്നതാണ്. മന്ത്രി പറഞ്ഞു.
പോലീസ് കമ്മീഷണര്‍ റോഡിലിറങ്ങി കുഴിയടച്ചത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷണര്‍ക്ക് റോഡിലിറങ്ങിയാല്‍ എന്താണെന്ന് ചോദിച്ച മന്ത്രി പി .ഡബ്ലു.ഡി ഉണ്ടാക്കിവെച്ച കോണ്‍ക്രീറ്റ് എടുത്താണ് കമ്മീഷണര്‍ കുഴിയടച്ചതെന്നും പറഞ്ഞു.
മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ നിരവധി യാത്രക്കാര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞു. എല്ലാം പരിഹരിക്കാമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് പി ഡബ്ല്യൂ ഡി എന്‍ജീനിയര്‍മാരുടെയും ദേശിയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം മന്ത്രി കൊച്ചി ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
content highlights: minister g sudhakaran visits kundannoor junction