തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതാക്കളും കെ.പി.സി.സിയുമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി അദ്ദേഹത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സുപ്രീം കോടതി വിധി മാനിച്ച് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൂഡാലോചന അന്വേഷിക്കാനുള്ള കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും ജയരാജന്‍ വ്യക്തമാക്കി. ചാരക്കേസില്‍ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ അടക്കമുള്ളവര്‍ നടത്തിയ ഖേദപ്രകടനം നാം കണ്ടതാണ്. കരുണാകരനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിയ ഗൂഡാലോചനയാണ് കേസെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 1210 കോടി രൂപ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 816 കോടി രൂപ വിവിധ ഫണ്ടുകളിലേക്ക് അനുവദിച്ചു. 420 കോടി മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്‍കി. സെപ്റ്റംബര്‍ 12 വരെ 5.27 ലക്ഷം കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസമായി 10,000 രൂപ നല്‍കിക്കഴിഞ്ഞു.
നിലവിലെ കണക്കനുസരിച്ച് 48411 കുടുംബങ്ങള്‍ക്കുകൂടി ഈ തുക നല്‍കേണ്ടതുണ്ട്. വെള്ളപ്പൊക്കത്തില്‍ മരിച്ച 193 പേരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം വീതം സഹായം നല്‍കി. സാഹായ വിതരണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. മന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് നല്ല പ്രതികരണമാണ് ഉണ്ടാവുന്നത്.
പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളു. 40,000 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് പുതിയ നിവേദനം നല്‍കും. യു.എ.ഇയുടെ സാമ്പത്തിക സഹായത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടു എന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ്.
മുഖ്യമന്ത്രി തിരിച്ച് വരുന്ന തിയതി തീരുമാനിച്ചിട്ടില്ല. 19 ന് മന്ത്രിസഭാ യോഗവും തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവം ഭരണത്തെ ബാധിച്ചിട്ടില്ല. കെ.പി.എം.ജി ക്കെതിരെ പ്രഭാത് പട്‌നായിക് ഉന്നയിച്ച വിമര്‍ശം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. പ്രളയം വന്ന സാഹചര്യം വേറെയാണ്. അതിനനുസരിച്ചാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.