കൊച്ചി: മെട്രോയ്ക്ക് ശേഷം കൊച്ചിക്കാര്‍ക്ക് വേണ്ടി മറ്റൊരു പദ്ധതിയുമായി ഇ. ശ്രീധരന്‍. മഴക്കാലത്ത് കൊച്ചിയെ ഏറെ ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടിന് സ്ഥിരമായ പരിഹാരം കാണാനുള്ള ദൗത്യമാണ് മെട്രോമാന്‍ പുതുതായി ഏറ്റെടുത്തിരിക്കുന്നത്.
കോര്‍പ്പറേഷന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ഇ. ശ്രീധരന്‍ പുതിയ ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. കൊച്ചിയെ വെള്ളക്കെട്ട് വിമുക്തമാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹം ഇന്ന് മേയറോടൊപ്പം നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
എല്ലാ വകുപ്പുകളുടെയും പിന്തുണയുണ്ടെങ്കില്‍ കൊച്ചിയിലെ വെള്ളക്കെട്ടിന് സ്ഥിരം പരിഹാരം കണ്ടെത്താനാകുമെന്ന് ഇ.ശ്രീധരന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത 30 വര്‍ഷത്തേക്കെങ്കിലും കൊച്ചിയെ വെള്ളക്കെട്ടില്‍ നിന്ന് മുക്തമാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പദ്ധതിക്ക് സാങ്കേതിക സഹായം മാത്രമാണ് ഇ. ശ്രീധരനില്‍ നിന്ന് നഗരസഭ തേടിയിരിക്കുന്നത്. കാനകള്‍ വികസിപ്പിച്ചും കൃത്യമായ ആസൂത്രണത്തോടെ നഗരത്തില്‍നിന്ന് മഴവെള്ളം കൊച്ചി കായലിലെത്തിക്കുകയാണ് പദ്ധതി.
സന്നദ്ധ സംഘടനയായ എ.ഫ്.ആര്‍.എന്‍.വിയുടെ പ്രസിഡന്റ് കൂടിയായ ശ്രീധരന്‍, പ്രശ്‌നത്തിന് പരിഹാരം എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കി. പദ്ധതിയെകുറിച്ച് വിശദമായ രൂപരേഖ കോര്‍പ്പറേഷന് കൈമാറും.
വര്‍ഷങ്ങളായി കോടിക്കണക്കിന് രൂപയാണ് വെള്ളക്കെട്ട് പരിഹാരത്തിനായി കൊച്ചി കോര്‍പ്പറേഷന്‍ ചിലവഴിക്കുന്നത്. പ്രശ്‌നത്തിന് സ്ഥിരം പരിഹാരംകണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഇ. ശ്രീധരന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.