തിരുവനന്തപുരം: രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ലക്ഷങ്ങളാണ് എഴുതിയെടുത്തത്.
ജനങ്ങള്‍ മുണ്ടു മുറുക്കിയുടക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ചികിത്സയ്ക്കിടെ പിഴിഞ്ഞുടുക്കാന്‍ വാങ്ങിയ തോര്‍ത്തിനും തലയിണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തിരിക്കുകയാണ്. ഇത്രയും കാപട്യം നിറഞ്ഞ നേതാക്കളുള്ള സര്‍ക്കാര്‍ ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല.
നിയമസഭാ സാമാജികരുടെ ചികില്‍സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാത്തത് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ കീശയിലാക്കാനാണ്. കേരളത്തിലെ പൊതു ആരോഗ്യരംഗത്തിന്റെ മേന്മയെപ്പറ്റി വാചാലരാകുന്നവര്‍ക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ലാത്തത് എന്താണെന്ന് വിശദീകരിക്കണം. ധനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പോലും വിശ്വാസമില്ലാത്ത സര്‍ക്കാര്‍ ഡോക്ടര്‍മാരെ മലയാളിയുടെ ആരോഗ്യം പരിപാലിക്കാന്‍ നിയോഗിച്ചത് ക്രൂരതയാണ്.
കേരളത്തില്‍ ഇനിയൊരിക്കലും ഭരണം കിട്ടില്ലെന്ന തിരിച്ചറിവാണ് ഇടത് മന്ത്രിമാരെ കടുംവെട്ടിന് പ്രേരിപ്പിക്കുന്നത്. ഭരണം ഉപയോഗിച്ച് സിപിഎം നേതാക്കളും കുടുംബാംഗങ്ങളും മന്ത്രിമാരും തടിച്ചു കൊഴുക്കുകയാണ്.
ഇതിനെ നിയന്ത്രിക്കാന്‍ കഴിവില്ലാതെ മൂകസാക്ഷിയായി മുഖ്യമന്ത്രി മാറിയത് ഈ തട്ടിപ്പില്‍ അദ്ദേഹത്തിനും പങ്കുള്ളതിനാലാണ്. കേരളത്തിന്റെ വികസനത്തിന് ഒരു പദ്ധതിയും അവതരിപ്പിക്കാന്‍ കഴിയാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞ് കാലംകഴിക്കുകയാണ്. 2,07,026 കോടി രൂപയാണ് കേരളത്തിന്റെ മൊത്തം കടം. ഈ സമയത്തും കണ്ണട വാങ്ങാന്‍ അരലക്ഷം രൂപ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന സ്പീക്കറും ലക്ഷങ്ങള്‍ പൊടിച്ച് സ്വകാര്യ ആശുപത്രിയില്‍ സുഖ ചികിത്സ നടത്തുന്ന മന്ത്രിയുമൊക്കെ നാടിന് ശാപമാണ്. പരാന്നഭോജികളായി മാറിയ കമ്മ്യൂണിസ്റ്റ് മുതലാളിമാരുടെ ഭരണം തുടരാന്‍ അനുവദിക്കണമോയെന്ന് ഘടകക്ഷികള്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.