ആലപ്പുഴ: സംസ്ഥാനത്ത് താഴ്ന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി തന്നെ തുടരുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്. താഴ്ന്ന തസ്തികകളിലേക്കുള്ള താത്കാലിക നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും മാറ്റുവാന്‍ സംസ്ഥാന സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്ന്ന തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താത്കാലികനിയമനം സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്ന വാര്‍ത്ത മാതൃഭൂമി ദിനപത്രം ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ശുചീകരണം, സുരക്ഷ എന്നിവയ്ക്കുള്ള താത്കാലിക ജീവനക്കാരെ കുടുംബശ്രീയില്‍നിന്നോ വിമുക്തഭടന്മാരുടെ അര്‍ധസര്‍ക്കാര്‍ ഏജന്‍സിയായ കെക്‌സോണില്‍നിന്നോ ദിവസക്കൂലിക്കെടുക്കാനായിരുന്നു നിര്‍ദേശം. എംപ്‌ളോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്ന നിര്‍ദ്ദേശമാണ് ധനവകുപ്പ് വകുപ്പുകള്‍ക്ക് നല്‍കിയിരുന്നത്.
ഇതാണ് പിന്‍വലിക്കുമെന്ന് ധനമന്ത്രി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പ് ഇത്തരത്തില്‍ തെറ്റിധാരണയുണ്ടാക്കുന്ന ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും ഫിനാന്‍സ് സെക്രട്ടറി തിരികെയെത്തിയാല്‍ ഉടനടി ഉത്തരവ് പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.ടി.ജലീലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി മറുപടി പറയുന്നതാകും ഉചിതം. സംഭവവികാസങ്ങളെക്കുറിച്ച് പഠിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടികള്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും തോമസ് ഐസക് പറഞ്ഞു.
Content Highlights: Mathrubhumi Impact; Low-ranking appointments will continue through Employment Exchange - Finance Minister