പേരാമ്പ്ര (കോഴിക്കോട്): നമ്മള് വലിയ യുദ്ധം ജയിച്ച പോരാളികളാണെന്നും ഒറ്റക്കെട്ടായി നിന്നതാണ് ഈ വിജയത്തിന്റെ പിന്നിലെന്നും നടന് മമ്മൂട്ടി. മാതൃഭൂമി ആരോഗ്യ പുരസ്കാര സമര്‍പ്പണവും നിപ പോരാളികളെ ആദരിക്കലും നടത്തിക്കൊണ്ട് പേരാമ്പ്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് നമുക്ക് നിപയെ പിടിച്ചു കെട്ടാന്‍ സാധിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പോരാട്ടം ഒരു മാതൃകയായിരുന്നു. കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ സാധിച്ചത്. നിപയ്ക്കെതിരെ പോരാടിയവര്‍ക്കുള്ള പുരസ്കാരം സമര്‍പ്പിക്കാന്‍ സാധിച്ചതോടെ ഞാനും വലിയവനായി. ഈ നിമിഷത്തെ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമിയുടെ പ്രമഥ ആരോഗ്യ പുരസ്ക്കാരം മരണാനന്തര ബഹുമതിയായി നിപ പരിചരണത്തിനിടെ മരിച്ച നഴ്സ് ലിനിക്ക് സമര്‍പ്പിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും ചേര്‍ന്ന് മമ്മൂട്ടിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയുടെ ചെക്കും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരത്തുക മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന് കൈമാറി.
ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നാളായിരുന്നു ആ നാല്പത് ദിവസമെന്ന് മാതൃഭൂമിയുടെ ആദരം ഏറ്റുവാങ്ങി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒറ്റക്കെട്ടായ വലിയ മനസ്സുള്ളതു കൊണ്ടാണ് നമുക്ക് വലിയ മരണങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരാതെ നിപയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞത്. 200 പേരെങ്കിലും മരണപ്പെടുമെന്നായിരുന്നു കണക്കാക്കിയത്. പക്ഷെ അതുണ്ടാവാത്തത് വലിയ ഭാഗ്യം. ഇപ്പോള്‍ നമുക്കൊരു മാതൃകയുണ്ട്. നിപ ഇനിയും വന്നാലും പേടിയില്ലാതെ നേരിടുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിച്ചതു കൊണ്ടാണ് നിപയെ പിടിച്ച് കെട്ടാന്‍ സാധിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ജനങ്ങള്‍ തന്നെയാണ് ഏറ്റവും പ്രശംസ അര്‍ഹിക്കുന്നത്. ഇതുപോലുള്ള പ്രശ്നം വരുമ്പോള്‍ നമ്മള് ഇനിയും കൈകോര്‍ത്ത് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ എം പി അധ്യക്ഷത വഹിച്ചു. ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്മാന് എം കുഞ്ഞമ്മദ് മാസ്റ്റര്‍ നന്ദി പറഞ്ഞു.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന്, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രാജഗോപാല്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സെപഷ്യാലിറ്റി സുപ്രണ്ട് ഡോ. കുര്യാക്കോസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ പി സജിത് കുമാര്‍, കോഴിക്കോട് കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്.എസ് ഗോപകുമാര്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിനിധി, പേരാമ്പ്ര താലൂക്ക് ആശുപത്രി പ്രതിനിധി, ചങ്ങരോത്ത് പി.എച്ച്.സി പ്രതിനിധി, മെഡിക്കല്‍ കോളേജ് പി.ജി വിദ്യാര്‍ഥി പ്രതിനിധികള്‍, ചങ്ങരോത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജന്, മെഡിക്കല്‍ കോളേജ് നഴ്സിങ്ങ് സ്റ്റാഫ് പ്രതിനിധികള്‍, ക്ലീനിംങ്ങ് സ്റ്റാഫ് പ്രതിനിധികള്‍, ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രതിനിധികള്‍, ശ്മശാനം ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ വേദിയില്‍ ആദരം ഏറ്റുവാങ്ങി.
Content Highlights: Mathrubhumi Health Award, Nurse Lini