തിരുവനന്തപുരം: യെമനില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാലിലിന്റെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശം പുറത്ത്. ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
തന്റെ മോചനത്തിനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് വീഡിയോയില്‍ ഉഴുന്നാലില്‍ അഭ്യര്‍ത്ഥിക്കുന്നു. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യസഹായം ലഭ്യമാക്കണമെന്നും ഫാദര്‍ ആവശ്യപ്പെടുന്നുണ്ട്.
'മാര്‍ച്ചില്‍ ഞാന്‍ പിടിയിലായ ശേഷം മാസങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഒന്നും സംഭവിക്കുന്നതായി കാണുന്നുമില്ല. ഞാന്‍ വളരെ ദുഖിതനാണ്' -വീഡിയോയില്‍ ഉഴുന്നാലില്‍ പറയുന്നു.
തന്നെ പിടികൂടിയവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അബുദാബിയിലെ ബിഷപ്പ് ഒരു നടപടിയും എടുക്കുന്നില്ലെന്നും ഫാദര്‍ ആരോപിക്കുന്നു. എന്നാല്‍ സനയില്‍ നിന്ന് പിടികൂടിയ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക മോചിപ്പിക്കപ്പെട്ടു. തനിയ്ക്കായി അവര്‍ രംഗത്തെത്താത്തത് ഇന്ത്യക്കാരനായതിനാലാണെന്നും ഉഴുന്നാലില്‍ പറയുന്നു.
അബുദാബിയിലുള്ള ബന്ധു വഴിയാണ് തങ്ങള്‍ക്ക് വീഡിയോ ലഭിച്ചിരിക്കുന്നതെന്ന് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ കേരളത്തിലുള്ള ബന്ധുക്കള്‍ പറഞ്ഞു.
ഡിസംബര്‍ 24ന് സലേഹ് സലെം എന്നയാളുടെ യൂട്യൂബില്‍ അക്കൗണ്ടിലും വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ക്ക് വീഡിയോ ലഭിച്ച ശേഷമാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
യൂട്യൂബില്‍ പോസ്റ്റു ചെയ്തിരിക്കുന്നയാള്‍ ആരെന്ന് വ്യക്തമല്ല. ഈ അക്കൗണ്ടില്‍ ഈ ഒരൊറ്റ വീഡിയോ മാത്രമാണുള്ളത്.