തിരുവനന്തപുരം: ശമ്പള-പെന്‍ഷന്‍ ഇനങ്ങളില്‍ അറുനൂറ് കോടിരൂപയോളം ഇനിയും ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഉണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മലയാളികളെ മുഴുവന്‍ കളിയാക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പണമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ മാസം മുഴുവന്‍ സാധാരണക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത് എന്തിനെന്ന് വിശദീകരിക്കണം. ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞെന്ന കാര്യം ഇനി എന്നാണ് ഐസക് മനസ്സിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു. പത്രക്കുറിപ്പിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
ഐസക്കിനെപ്പോലെ ധനകാര്യ വിദഗ്ധര്‍ അല്ലെങ്കിലും സത്യസന്ധരായി ജീവിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. പാണ്ഡിത്യത്തിന്റെ പേരില്‍ അവരെ തെറ്റിദ്ധിരിപ്പിക്കുന്നത് ഇനിയെങ്കിലും ഐസക് അവസാനിപ്പിക്കണം. വായ്പ നല്‍കാനുള്ള ഫണ്ട് ബാങ്കുകളുടെ കൈവശം സുലഭമായുണ്ടെന്നും പലിശ കുറയുകയാണെന്നുമെല്ലാം ഐസക്കിന് സമ്മതിക്കേണ്ടി വന്നത് നല്ലതാണ്. നോട്ട് നിരോധനത്തിന്റെ പല ഗുണങ്ങളില്‍ ചിലത് മാത്രമാണിത്. രാജ്യം സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ പോകുന്നു എന്ന് ഐസക്കും സമ്മതിച്ചത് സ്വാഗതാര്‍ഹമാണ്.
ബാങ്കുകളില്‍ പണം ഉണ്ടെന്നതിന്റെ പേരില്‍ വായ്പ എടുക്കാനുള്ള നീക്കത്തില്‍ നിന്ന് ഐസക് പിന്‍മാറണം. ഗ്രാമീണ റോഡ് വികസനം, എന്‍.ആര്‍.എച്ച്.എം., ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങി നിരവധി കേന്ദ്ര പദ്ധതികളുടെ പണം കേരളം വിനിയോഗിച്ചിട്ടില്ലെന്ന വാര്‍ത്ത പുറത്തു വരുമ്പോഴാണ് വീണ്ടും വായ്പ എടുക്കാനുള്ള നീക്കവുമായി ഐസക് രംഗത്തു വരുന്നത്. ഇത് അഴിമതിക്ക് വഴിയൊരുക്കാനാണ്. ഇപ്പോള്‍ തന്നെ കടക്കെണിയില്‍ നട്ടം തിരിയുന്ന മലയാളികളെ വീണ്ടും ദുരിതത്തിലാക്കരുത്.
കോടിക്കണക്കിന് രൂപയുടെ ലഭ്യമായ കേന്ദ്ര ഫണ്ട് ചെലവഴിക്കാന്‍ ഐസക് ശ്രമിക്കണം. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഉപയോഗിക്കുന്ന സമയത്തിന്റെ പത്തിലൊന്ന് ഉണ്ടെങ്കില്‍ കേരളത്തില്‍ റേഷന്‍ മുടങ്ങില്ലായിരുന്നു. കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയല്‍ മാത്രമാണ് സംസ്ഥാന ഭരണം എന്ന ചിന്ത മാറണം. പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇനിയും ഐസക് നടത്തരുതെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.