തിരുവനന്തപുരം: രാജ്യസ്‌നേഹംകൊണ്ട് ജനം എല്ലാം സഹിക്കണമെന്ന വാദം കേരളത്തില്‍ വിലപ്പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതികരണശേഷി ഇല്ലാത്ത ജനതയല്ല കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ പ്രതികരിച്ചാല്‍ മാത്രമെ ഭരണാധികാരികള്‍ നിലയ്ക്കുനില്‍ക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചോദ്യം ശക്തമായി ഉയര്‍ന്നുവോയെന്ന് സംശയമുണ്ട്. എല്ലാം വിധിയാണെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ സഹിച്ചു. എന്നാല്‍ കേരളത്തില്‍ ചോദ്യം ഉന്നയിക്കാന്‍തക്ക വിവരമുള്ളവരുണ്ട്. യാഥാര്‍ഥ്യം പറയുമ്പോള്‍ പരിഭ്രാന്തി പരത്തുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ല. രാജ്യത്തെ 86 ശതമാനം നോട്ടുകളും വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ചെടുക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ജനങ്ങളോട് പറയേണ്ടതുണ്ട്. എന്നാല്‍, അക്രമ സംഭവങ്ങള്‍ അടക്കമുള്ളവ അരങ്ങേറിയത് കേരളത്തിലല്ല മറ്റ് സംസ്ഥാനങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികളെപ്പറ്റി കേന്ദ്ര ധനമന്ത്രിയുമായും റിസര്‍വ് ബാങ്കുമായും ആശയവിനിമയം നടത്തിയിരുന്നു. എല്ലാ ട്രഷറികളും ആവശ്യമെങ്കില്‍ വൈകിയും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം നല്‍കി. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്ന ദിവസം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. മറ്റൊരു സംസ്ഥാനത്തും ഇതൊന്നും നടന്നിട്ടില്ല. വിവരമില്ലാത്തവരാണ് വിമര്‍ശം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics