തിരുവനന്തപുരം: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട സംഭത്തെ കുറിച്ച് തനിയ്‌ക്കോ മുഖ്യമന്ത്രിയ്‌ക്കോ മുന്‍കൂട്ടി വിവരമുണ്ടായിരുന്നില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാതൃഭൂമി ന്യൂസിന്റെ 'ചോദ്യം ഉത്തരം' പരിപാടിയിലാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്.
മാവോവാദികള്‍ കൊല്ലപ്പെട്ടത് ആസൂത്രിതമായിരുന്നില്ല. നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പോലീസ് പെട്രോളിങ് നടത്തുന്നുണ്ട്. അതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തിരച്ചില്‍ നടക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് നേരത്തെ അറിയാന്‍ സാധിക്കില്ലെന്നും ബെഹ്‌റ പറഞ്ഞു.
മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഡിജിപി പറഞ്ഞു. ഒരന്വേഷണവും വേണ്ടെന്നു പറയാന്‍ തനിയ്ക്കാകില്ലെന്നും 'ചോദ്യം ഉത്തര'ത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാത്രി ഒമ്പതരയ്ക്കും പതിനൊന്നിനും പരിപാടി സംപ്രേക്ഷണം ചെയ്യും.
ഡിജിപി ബെഹ്‌റ 'ചോദ്യം ഉത്തരം' പരിപാടിയില്‍
നവംബര്‍ 24നാണ് കരുളായിയില്‍ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പുസ്വാമി ദേവരാജും അജിതയും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മാവോവാദികള്‍ വെടിവെച്ചതിനെ തുടര്‍ന്ന് തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
എന്നാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിലെ പരിക്കുകളും ആകെ ഒരു പിസ്റ്റള്‍ മാത്രമാണ് കണ്ടെത്താനായതെന്ന കാര്യവും ചൂണ്ടിക്കാണിച്ച് സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും ആക്രമണത്തിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇതുസംബന്ധിച്ച് കുപ്പുസ്വാമിയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് കോടതി ഡിസംബര്‍ അഞ്ചുവരെ തടഞ്ഞിട്ടുണ്ട്.