തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശവുമായി എം. സ്വരാജ് എം.എല്‍.എ. അനവസരത്തില്‍ അബദ്ധം പറഞ്ഞു കൊണ്ട് എല്ലാവരേയും മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരിക്കുകയാണെന്ന് സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു. വിഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളൂ . സിനിമയ്ക്ക് പുറത്ത് ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മഹാനടന്‍ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടക്കണമെന്ന് ഉപദേശിക്കുന്ന സ്വരാജ് ഇന്ത്യയില്‍ ജനിച്ചു എന്ന കാരണത്താല്‍ മരിക്കേണ്ടി വന്ന എഴുപതിലധികം പാവപ്പെട്ട മനുഷ്യരുടെ കുഴിമാടങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യണമെന്ന് തോന്നുമോ എന്നും ചോദിക്കുന്നു.
രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നും തിടുക്കപ്പെട്ട് ബ്ലോഗെഴുതുമ്പോള്‍ സോവിറ്റ് യൂണിയന്റെ അവസാന പ്രധാനമന്ത്രിയായ വാലന്റൈന്‍ സെര്‍ഗയേവ്ച്ച് പാവ് ലോവിനെ ലാല്‍ ഓര്‍ക്കണമായിരുന്നു എന്നും അദ്ദേഹത്തിന്റെ നടപടിയുടെ ഈച്ചക്കോപ്പിയാണ് പ്രധാനമന്ത്രി നടപ്പിലാക്കിയതെന്നും സ്വരാജ് തന്റെ പോസ്റ്റില്‍ പറയുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണമായ വിഢിത്തം കോപ്പിയടിച്ച പരിഷ്‌കാരത്തേയാണ് മോഹന്‍ലാല്‍ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നതെന്നും സ്വരാജ് ആരോപിക്കുന്നു. ഇത്തരം ഏകാധിപതികള്‍ക്കും അവരുടെ അരാജക ഭരണത്തിനും പിന്നീട് എന്തു സംഭവിച്ചുവെന്നു കൂടി ഇന്ന് സല്യൂട്ടടിക്കുന്നവര്‍ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന ഉപദേശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
Share this Article
Related Topics