തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണപ്രസ്ഥാനങ്ങളെ നോട്ട് പ്രതിസന്ധി രൂക്ഷമായി ബാധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് സമരരംഗത്തേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് കാര്യാലയത്തിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ച്ച സത്യഗ്രഹ സമരം നടത്തും.
സഹകരണമേഖലയ്ക്ക് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നും ഇക്കാര്യത്തില്‍ നാടിന്റെ വികാരം ശക്തമായി പ്രകടിപ്പിക്കണം എന്നുള്ളതിനാലാണ് തങ്ങള്‍ തന്നെ നേരിട്ട് പ്രതിഷേധത്തിനിറങ്ങുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെയാണ് സത്യാഗ്രഹസമരം. 21-ലെ സര്‍വവക്ഷിയോഗത്തില്‍ ബാക്കി പ്രക്ഷോഭപരിപാടികള്‍ പരിഗണിക്കും. പ്രതിപക്ഷം നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളോടെല്ലാം സര്‍ക്കാരിന് യോജിപ്പാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍വവക്ഷി യോഗത്തിലേക്ക് ബിജെപിയേയും ക്ഷണിക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി, കള്ളപ്പണം, കള്ളപ്പണം എന്ന് പറഞ്ഞ് ബഹളം വച്ചാല്‍ ആളുകളെ ഒപ്പം കൂട്ടാം എന്ന ചിന്തയാണ് ബിജെപിയ്‌ക്കെന്നും തീര്‍ത്തും അസംബന്ധമായ കാര്യങ്ങളാണ് ബിജെപി പറയുന്നതെന്നും പരിഹസിച്ചു.
ഒ.രാജഗോപാലിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാജഗോപാലിനെ പോലെ ഒരാള്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും എന്നാല്‍ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്നത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനം ആയതിനാലാവാം അദ്ദേഹത്തിന് ഇങ്ങനെ പറയേണ്ടി വന്നതെന്നുമായിരുന്നു പിണറായിയുടെ മറുപടി.
എരുമേലിയില്‍ വിമാനത്താവളത്തിനായി സ്ഥലം പരിഗണിക്കാം എന്ന് മാത്രമേ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളൂ. സ്ഥലം എവിടെയാണെന്ന് സര്‍ക്കാര്‍ കൃത്യമായി പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ച പിണറായി പദ്ധതിയെപ്പറ്റി പറയും മുന്‍പേ അതിനെ എതിര്‍ക്കേണ്ടതില്ലെന്നും വ്യക്തമാക്കി.