മൂവാറ്റുപുഴ: വാഴക്കുളം, കദളിക്കാട് മേഖലകളില്‍ വാടകവീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന കേസില്‍ ചലച്ചിത്ര നടി അടക്കമുള്ള അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നടിക്ക് പുറമെ രണ്ട് നടത്തിപ്പുകാരും രണ്ട് ഇടപാടുകാരെയുമാണ് കദളിക്കാട് തെക്കുംമല കവലയ്ക്ക് സമീപമുളള വീട്ടില്‍ നിന്ന് ശനിയാഴ്ച ഉച്ചയോടെ മൂവാറ്റുപുഴ സി.ഐ. സി. ജയകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വീരപുത്രന്‍, ഹാപ്പി ജേര്‍ണി തുടങ്ങിയ ചലച്ചിത്രങ്ങളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ച പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന് സമീപം താമസിക്കുന്ന മലപ്പുറം കാളികാവ് സ്വദേശിനി അമല (34), നടത്തിപ്പുകാരായ തൊടുപുഴ തെക്കുംഭാഗം കൊച്ചുപടിഞ്ഞാറേക്കര മോഹനന്‍ (53), സഹായി പാറപ്പുഴ വാഴത്തറവേലയില്‍ ബാബു (34), ഇടപാടുകാരായ കരിമണ്ണൂര്‍ മുളപുറം മഞ്ഞുമറ്റത്തില്‍ അജിസ് (29), മുളപുറം ഈന്തുങ്കല്‍ ജിത്തു ജോയി (33) എന്നിവരാണ് അറസ്റ്റിലായത്.
8000-ത്തോളം രൂപ, പെണ്‍വാണിഭവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍, ബാങ്കിലെ നിക്ഷേപ വിവരങ്ങള്‍ എന്നിവ കണ്ടെടുത്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. ബിജുമോന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ആറു മാസമായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. മൂവാറ്റുപുഴ എസ്‌ഐ ആയിരുന്ന എ. അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം സംഘത്തിന്റെ അറസ്റ്റിലേക്കെത്തുന്ന ഘട്ടത്തിലെത്തിയപ്പോഴേക്കും വാടക വീട് മാറി. ഇതിനിടയിലാണ് എസ്‌ഐ മാറിയത്.
മൂവാറ്റുപുഴ കിഴക്കേക്കര, വാളകം, തൊടുപുഴ നാലുവരി പാത എന്നിവിടങ്ങളില്‍ സംഘം താമസിച്ച് ഇടപാട് നടത്തിയിരുന്നു. വടക്കേ ഇന്ത്യക്കാര്‍ അടക്കമുള്ള യുവതികളെ കൊണ്ടുവന്നായിരുന്നു ഇടപാടുകള്‍. 2000 മുതല്‍ 25,000 രൂപ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്.
ഇടപാടുകാരുടെ ബൈക്കും കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 20-നാണ് പിടിയിലായ യുവതി സംഘത്തില്‍ ചേരുന്നത്. ഇതിന് മുമ്പ് ഇവിടെയുണ്ടായിരുന്ന യുവതികളുടെ കണക്കുകളും രജിസ്റ്ററിലുണ്ട്. മൂന്നാഴ്ച മുമ്പാണ് ഇവര്‍ തെക്കുംമലയിലെ വീട് വാടകയ്‌ക്കെടുത്തത്.