തിരുവനന്തപുരം: പിണറായിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പലയിടങ്ങളിലും കയ്യേറ്റമുണ്ടായി.
ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായത്. ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ കമല്‍ ശങ്കര്‍, മാതൃഭൂമി ഡോട്ട് കോം ലേഖകന്‍ എസ്.ആര്‍. ജിതിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്റ്റാച്യു ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സിപിഎം കൊടിമരവും ഫ്ളക്സുകളും തല്ലിത്തകര്‍ക്കുന്നത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
തിരുവനന്തപുരത്ത് കേരളകൗമുദി ഫോട്ടോഗ്രാഫര്‍ അരുണ്‍ കല്ലറയുടെ ക്യാമറ ലെന്‍സ് തകര്‍ത്തു. സംഭവത്തില്‍ കണ്ടോണ്‍മെന്റ് പോലീസ് കേസെടുത്തു. കിഴക്കേ കോട്ടയില്‍ ബിഗ് ബസാറിന് സമീപത്ത് ഡിവൈഎഫ്‌ഐ ആംബുലന്‍സ് തകര്‍ത്തു. പെരുന്താനി ലോക്കല്‍ കമ്മിറ്റിയുടെ ആംബുലന്‍സ് ആണ് തകര്‍ക്കപ്പെട്ടത്. ഡ്രൈവര്‍ ഷാജിക്ക് മര്‍ദ്ദനമേറ്റു.
തൃശ്ശൂര്‍, ചേര്‍ത്തല എന്നിവടങ്ങളിലും ബിജെപി മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ ഏഷ്യാനെറ്റിന്റെയും ജീവന്‍ ടിവിയുടെയും കാമറാമാന്‍മാര്‍ക്ക് പരിക്കേറ്റു.
ഹര്‍ത്താലിനെത്തുടര്‍ന്ന് കോഴിക്കോട് പെരുവയല്‍ മുണ്ടക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ മനുവിന്റെ പലചരക്ക് കടയ്ക്ക് അക്രമികള്‍ തീയിട്ടു. കുന്ദമംഗലത്ത് വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനം സമരാനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു.
എറണാകുളത്തും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, കോലഞ്ചേരി, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും തുറന്ന കടകള്‍ അടപ്പിക്കുകയും ചെയ്തു. ഇവിടെ രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലസ്ഥലങ്ങളിലും സിപിഎം കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടു.
കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഞ്ചരിച്ച ബസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. തൃപ്പൂണിത്തുറയില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കാറ് സമരാനുകൂലികള്‍ തകര്‍ത്തു. സദാനന്ദപുരത്ത് കെസ്ടിസി ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു.
ഹര്‍ത്താലിനെത്തുടര്‍ന്ന് പൊതു വാഹനങ്ങളൊന്നും റോഡിലിറങ്ങുന്നില്ല. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്.
സംസ്ഥാനമൊട്ടാകെ കനത്ത ജാഗ്രതയിലാണ് പോലീസ്. ഹര്‍ത്താലില്‍ സമാധാനം ഉറപ്പുവരുത്താനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു.
വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ് തുടങ്ങി. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് കാവലുമുണ്ട്.
അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആസ്പത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ശവസംസ്‌കാരത്തിന് പോകുന്നവര്‍, വിമാനത്താവളത്തിലേക്ക് പോകുന്നവര്‍, വിവാഹം, ഹജ്ജ്, ശബരിമല തീര്‍ഥാടകര്‍ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.
മാഹി ടൗണിനെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി
മയ്യഴി: പിണറായിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ മാഹിയിലും ബാധകമായിരിക്കുമെന്ന് ബി.ജെ.പി. ഭാരവാഹികളായ സത്യന്‍ കുനിയില്‍, കാട്ടില്‍ ശശിധരന്‍ എന്നിവര്‍ അറിയിച്ചു.
അതേസമയം മാഹി പള്ളി തിരുനാള്‍ നടക്കുന്നതിനാല്‍ മാഹി ടൗണിനെ മാത്രം ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പന്തക്കല്‍, പള്ളൂര്‍ മേഖലകളില്‍ ഹര്‍ത്താല്‍ ബാധകമായിരിക്കും. പത്രം, പാല്‍, ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് മാഹിയിലും ഹര്‍ത്താല്‍ ബാധകമായിരിക്കും.
സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആറ് കമ്പനി അധിക സേന
തലശ്ശേരി: പിണറായിയില്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എ.ഡി.ജി.പി.സുകേഷ് കുമാര്‍ തലശ്ശേരിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആറു കമ്പനി അധികസേനയെ സംഘര്‍ഷ സാധ്യതയുള്ള കൂത്തുപറമ്പ്, തലശ്ശേരി മേഖലകളില്‍ വിന്യസിച്ചു.
പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പോലീസ്സേനയെയാണ് തലശ്ശേരി, കൂത്തുപറമ്പ് മേഖലകളില്‍ വിന്യസിച്ചത്.
കൊളശ്ശേരി, പിണറായി, കതിരൂര്‍ മേഖലകള്‍ പോലീസിന്റെ നിയന്ത്രണത്തിലാണ്. എ.ഡി.ജി.പി.ക്കു പുറമെ ഐ.ജി.ദിനേന്ദ്ര കശ്യപും എസ്.പി.കെ.കാര്‍ത്തിക്കും തലശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കൊലപാതകം നടന്ന പിണറായിയിലെ സ്ഥലം സന്ദര്‍ശിച്ചു.