തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മൂന്നറിയിപ്പെങ്കിലും കേരളത്തിന് പൊതുവായാണ് അറിയിപ്പ്.
പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതപത്തിന് സാധ്യത കൂടുതലാണെന്നും പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മെയ് രണ്ടാം തീയതിയോടെ ചില സ്ഥലങ്ങളില്‍ മഴ പെയ്തുതുടങ്ങാനും സാധ്യതയുണ്ട്. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യാനും സാധ്യതയുണ്ടെന്നും മെയ് ആറു മുതല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രണ്ട് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി രണ്ടുദിവസം 40 ഡിഗ്രിയിലധികം ചൂടുണ്ടാവുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലായിരിക്കുകയും ചെയ്താലാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) പ്രഖ്യാപിക്കുന്നത്. സൂര്യാതപമേല്‍ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.
എന്നാല്‍, തീരദേശ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി 37 ഡിഗ്രിക്ക് മുകളില്‍ ചൂടുണ്ടായാലും ഈ അവസ്ഥയായി പരിഗണിക്കും. തീരദേശ നഗരമായ കോഴിക്കോട്ട് ദിവസങ്ങളായി താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇത് ശരാശരിയിലും നാലര മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്. ഇതുംകൂടി പരിഗണിച്ചാണ് കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചത്.
* ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് രണ്ടുമുതല്‍ നാല് ഗ്ലാസ് വെള്ളംവരെ കുടിക്കാം.
* ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കണം.
* കട്ടി കുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ പരുത്തിവസ്ത്രങ്ങള്‍ ധരിക്കണം.
* ഉച്ചയ്ക്ക് 11 മണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയം വിശ്രമിക്കണം.
* വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്