പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 115 മീറ്ററായി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകളും ആറ് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. ബുധനാഴ്ച മൂന്ന് സെന്റീമീറ്റര്‍ ആണ് ഷട്ടറുകൾ ഉയര്‍ത്തിയിരുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോൾ ഷട്ടറുകള്‍ 9 സെന്റീമീറ്റര്‍ ആയി ഉയര്‍ത്താന്‍ തീരുമാനമായത്.
കല്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു.
അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറന്നതോടെ പവര്‍ ഹൗസില്‍ ട്രയല്‍ റണ്ണിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ട്രയല്‍ റണ്‍ നടത്തിക്കഴിഞ്ഞാല്‍ അണക്കെട്ട് തുറന്നിരിക്കുന്ന ദിവസങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവും.
നാലുവര്‍ഷംമുമ്പും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സമയത്ത് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഷട്ടറുകള്‍ തുറക്കാത്ത സമയത്ത് അണക്കെട്ടില്‍നിന്ന് രണ്ടാംവിളയ്ക്ക് ഇടതുകരകനാലിലൂടെ വെള്ളം തുറന്നുവിടുന്ന സമയത്ത് മൂന്നുമാസത്തോളം വൈദ്യുതി ഉത്പാദിപ്പിക്കാറുണ്ട്. 2014-ല്‍ 54 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കേന്ദ്രത്തിനായിരുന്നു.
കാര്‍ഷിക ജലസേചനത്തിനായി മലമ്പുഴ അണക്കെട്ട് ആരംഭിക്കുമ്പോള്‍ത്തന്നെ ജലവൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇടതുകര കനാലിലേക്കും വലതുകനാലിലേക്കും തുറക്കാവുന്നവിധം രണ്ട് വാല്‍വുകള്‍ സ്ഥാപിക്കാനുള്ള സൗകര്യം നിര്‍മാണസമയത്തുതന്നെ ഒരുക്കിയിരുന്നു.
നിലവില്‍ ഇടതുകര കനാലിലേക്ക് തുറക്കാവുന്ന സ്ലൈന്‍ വാല്‍വിലേക്ക് ബട്ടര്‍ഫ്‌ലൈ വാല്‍വ് ഘടിപ്പിച്ച് അതിലൂടെ പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് വെള്ളം തുറന്നുവിട്ടാണ് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. രണ്ടര മെഗാവാട്ട് (മണിക്കൂറില്‍ 2500 യൂണിറ്റ് വൈദ്യുതി) ഉത്പാദിപ്പിക്കാനാവും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരേ 11 കെ.വി. വാട്ടര്‍ സപ്ലൈ ഫീഡറിലേക്കാണ് നല്‍കുക. മലമ്പുഴയില്‍ കുടിവെള്ള ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗിച്ചശേഷം ബാക്കിവരുന്നതുമുഴുവന്‍ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനിലേക്ക് കൈമാറും
നവംബര്‍ ആദ്യ ആഴ്ചയുടെ അവസാനംമുതല്‍ ഫെബ്രുവരി പത്തുവരെ രണ്ടാംവിളയ്ക്ക് വെള്ളം വിടുന്ന ദിവസങ്ങളിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. നൂറുദിവസം തുറന്നാല്‍ 56 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. നിലവിലെ വിലയനുസരിച്ച് പ്രതിവര്‍ഷം ശരാശരി 2.50 കോടിയുടെ വൈദ്യുതി. 2010-ല്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്കുശേഷം വൈദ്യുതോത്പാദനത്തില്‍ മുടക്കമുണ്ടായിട്ടില്ല.