കോഴിക്കോട്: ലയനത്തിന് മറ്റ് തടസ്സങ്ങളില്ലെന്ന് എല്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍. ജെ.ഡി.എസിന്റെ ഭാഗത്തുനിന്നാണ് ലയനത്തിനുള്ള നിര്‍ദേശം വന്നതെന്നും പാര്‍ട്ടി ഘടകങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ജെ.ഡിയുമായി ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ സി.കെ. നാണു വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ശ്രേയാംസ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്.
ലയിക്കണമെന്ന ആവശ്യം നേരത്തെതന്നെ ജെ.ഡി.എസ്. ഉന്നയിച്ചിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം ഔദ്യോഗിക ചര്‍ച്ചയാകാം എന്നായിരുന്നു തീരുമാനിച്ചത്. അനൗദ്യോഗികമായ ചര്‍ച്ചകള്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. നിലവില്‍ ലയനത്തിന് രാഷ്ട്രീയമായ തടസ്സങ്ങളൊന്നും ഇല്ല. ഒരേ ആശയങ്ങളുള്ള കക്ഷികളാണ്. ഒരേ മുന്നണിയിലാണ്. രണ്ടു പാര്‍ട്ടിയായി നില്‍ക്കുന്നതിനു പകരം ഒരുമിച്ച് നില്‍കുക എന്ന ചിന്തയാണ് ഇത്തരമൊരു ആലോചനയ്ക്കു പിറകില്‍. ഇതു സംബന്ധിച്ച് ജെ.ഡി.എസുമായി ആശയവിനിമയം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലയനവുമായി ബന്ധപ്പെട്ട് താഴേക്കിടയില്‍ ചര്‍ച്ച നടന്നിട്ടില്ല. പാര്‍ട്ടിയുടെ അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ തീരുമാനം എടുക്കൂ. പാര്‍ട്ടി ഘടകങ്ങളുമായി ആലോചിച്ചിട്ടേ തീരുമാനത്തിലേയ്ക്ക് പോകൂ. ഏകപക്ഷീയമായ തീരുമാനം അണികളില്‍ അടിച്ചേല്‍പ്പിക്കില്ല. ലയനം ഉണ്ടെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നെതന്നെ ഉണ്ടാകും. ലയനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വഭേദഗതി ബില്‍ പ്രത്യേക രാഷ്ട്രീയ അജണ്ട വെച്ചുകൊണ്ടുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം. ആരൊക്കെ ഉള്‍പ്പെടും ആരൊക്കെ പുറത്താക്കപ്പെടും എന്ന് പറയാനാവില്ല. പല മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഏകസ്വഭാവത്തിലേയ്ക്കു കൊണ്ടുവരാനുള്ള അജണ്ടയാണ് നടപ്പിലാക്കുന്നത്. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പാസ്സാക്കാന്‍ സാധിച്ചേക്കുമെങ്കിലും അത് ശാശ്വതമായി നില്‍ക്കുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: m v shreyams kumar's response on jds-ljd merge