തിരുവനന്തപുരം: ഇടതുമുന്നണി യോഗം അംഗീകരിച്ച പുതിയ മദ്യനയത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനദ്രോഹ തീരുമാനമാണിതെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
മദ്യലഭ്യത കുറച്ച് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മദ്യനയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. യുഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിച്ചുകൊണ്ട് എല്‍.ഡി.എഫ് പുതിയമദ്യനയം കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനാണ്.
ദേശീയപാതയിലെ ബാറുകള്‍ തുറക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധിസമ്പാദിച്ച ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതി അംഗീകരിച്ച യു.ഡി.എഫിന്റെ മദ്യനയത്തെയാണ് അട്ടിമറിക്കുന്നത്. സാമൂഹിക വിപത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നടപ്പിലാക്കിയ മദ്യനയത്തിന്റെ പേരില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മദ്യലോബി നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇടതുമുന്നണിയായിരുന്ന എന്നത് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ബാറുകള്‍ തുറന്നുകൊണ്ടുള്ള പുതിയ മദ്യനയത്തിന് പിന്നില്‍ വ്യാപക അഴിമതിയുണ്ട്. മദ്യലോബിയുമായുള്ള എല്‍.ഡി.എഫിന്റെ അവിശുദ്ധബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറാകുമെന്നും എം.എം.ഹസന്‍ മുന്നറിയിപ്പ് നല്‍കി.
Share this Article
Related Topics