മറയൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിച്ച് മിനി ലോറി ഡ്രൈവര്‍. കാന്തല്ലൂര്‍ പയസ്‌നഗര്‍ സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ ഷംലയ്ക്കാണ് ലോറി ഡ്രൈവര്‍ സുരേഷ് രക്ഷകനായത്.
മറയൂര്‍-കാന്തല്ലൂര്‍ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ വെട്ടുകാട് എന്ന സ്ഥലത്തുവെച്ചാണ് സംഭവം. ഷംലയ്ക്കു നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഈ സമയം മറയൂരില്‍നിന്ന് ഇഷ്ടിക ലോഡുമായി കാന്തല്ലൂരിലേക്ക് വരികയായിരുന്നു സുരേഷ്.
ഷംലയ്ക്കു നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുന്നത് കണ്ട സുരേഷ്, ഷംലയ്ക്കും കാട്ടുപോത്തിനും ഇടയിലേക്ക് ലോറി ഓടിച്ചുകയറ്റുകയായിരുന്നു. അതോടെ ഷംലയ്ക്കു നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് ലോറിയിലിടിച്ചു.
ലോറിയില്‍ ഇടിച്ച കാട്ടുപോത്ത് തിരിഞ്ഞോടുകയും ചെയ്തു. കാട്ടുപോത്ത് ഇടിച്ചതിന്റെ ആഘാതത്തില്‍ ലോറിയുടെ ഒരു വശത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും സുരേഷിനോ ഷംലയ്‌ക്കോ പരിക്കുകളൊന്നുമില്ല.
content highlights: lorry driver rescues woman scooter passenger from bison
Share this Article
Related Topics