തിരുവനന്തപുരം; ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല, അതുകൊണ്ടുതന്നെ നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഹര്‍ത്താലില്‍നിന്ന് സംഘടനങ്ങള്‍ പിന്‍മാറണം - ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
"ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ല. അതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. പോലീസ് ഇതിന് വേണ്ട സജ്ജീകരണങ്ങളെല്ലാം കൈക്കൊണ്ടിട്ടുണ്ട് "- ബെഹ്‌റ വ്യക്തമാക്കി.
ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസ്സവുമില്ല, എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്നും പോലീസ് മേധാവി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനവുമായി സംഘനകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണ നല്‍കാന്‍ പോലീസ് പ്രതിജ്ഞാബന്ധമാണെന്നും ബെഹ്‌റ വ്യക്തമാക്കി.
അതേസമയം ഹര്‍ത്താലുമായി മുന്നോട്ടു പോകുമെന്ന് പാലക്കാട് നടന്ന പത്രസമ്മേളനത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടം, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനങ്ങള്‍ ചേര്‍ന്ന സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
Content Highlights; loknath behra demanded for withdraw tomorrows hartal