കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്‍മാറിയതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ദുഃഖത്തോടെയാണ് പിന്‍മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി സമര്‍പ്പിച്ച് കേന്ദ്ര അനുമതി ലഭിക്കാന്‍ സാധാരണ രണ്ടു കൊല്ലമെടുക്കും. ഇപ്പോള്‍ത്തന്നെ പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിക്കാറുണ്ട്. ഇതനുസരിച്ച് 2016 ല്‍ ഡിഎംആര്‍സി ഇത് ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷവും ഇത് തുടരാനുള്ള തീരുമാനം എടുത്തു. ഇതുപ്രകാരം ഡിഎംആര്‍സിയെ ഇത്തരം ജോലികള്‍ ചെയ്യുന്നതിന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവും ഇറക്കി. ഡിസംബര്‍ 2016ല്‍ ആണ് ഇത്. 15 മാസത്തിനു ശേഷവും ഇതിനുള്ള കരാര്‍ ഒപ്പിടാന്‍ സാധിച്ചില്ല. എന്നാല്‍ ഇതിനിടയിലും ഡിഎംആര്‍സി മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു. എല്ലാ മാസവും 16 ലക്ഷത്തോളം ചിലവഴിച്ച് രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്.
കരാര്‍ ഒപ്പിട്ട് ജോലികള്‍ ആരംഭിക്കണമെന്നും കാര്യങ്ങള്‍ക്ക് യാതൊരു പുരോഗതിയും ഇല്ലെന്ന് പലതവണ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും കണ്ട് പറഞ്ഞിരുന്നു. രേഖാമൂലം കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഒരുവിധത്തിലുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ജോലികള്‍ നടക്കാതെ പ്രതിമാസം തുക ചെലവഴിക്കാനാകില്ല. ഇങ്ങനെയാണെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് ജനുവരി 24ന് ഒരു നോട്ടീസ് നല്‍കി. മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല. നിവൃത്തിയില്ലാതെ ഫെബ്രുവരി 16ന് പ്രവര്‍ത്തനം നിര്‍ത്തുകയും ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തു. മാര്‍ച്ച് 15ഓടുകൂടി പൂര്‍ണമായും ഓഫീസ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കും. ഇത്രയൊക്കെ ആയതിനു ശേഷം പിന്‍മാറുന്നത് വലിയ മനസ്താപത്തോടെയാണെന്നും ശ്രീധരന്‍ പറഞ്ഞു.
ലൈറ്റ് മെട്രോയുടെ നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ നിലവില്‍ ഇന്ത്യയില്‍ ഡിഎംആര്‍സിക്കു മാത്രമേ ഉള്ളൂ. ഡിഎംആര്‍സി പിന്‍വാങ്ങിയാല്‍ വിദേശ ഏജന്‍സികളെ സമീപിക്കേണ്ടി വരും. ഇന്ത്യയില്‍ മറ്റ് ഏജന്‍സികളൊന്നുമില്ല. ഏറ്റവും ലാഭകരവും വേഗമേറിയതും ഡിഎം ആര്‍ സിയാണ്. എന്നാല്‍, ഡിസംബര്‍ 18ന് ചേര്‍ന്ന കെഎംആര്‍എല്‍ യോഗത്തില്‍ ഡിഎംആര്‍സിയെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ആലോചനകളും നടന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയില്‍നിന്ന് സ്വയം പിന്‍മാറാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനോട് പരിഭവമൊന്നുമില്ല. സര്‍ക്കാരും ഡിഎംആര്‍സിയും തമ്മിലുള്ള ഒരു വടംവലിയായി ഇതിനെ കാണരുത്. എന്തുകൊണ്ട് പിന്‍മാറുന്നു എന്ന് ജനങ്ങള്‍ അറിയണം എന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇത് പറയുന്നത്.
കരാര്‍ കാലാവധി കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ നിയസഭയിലെ പ്രസ്താവന ശരിയല്ല. ഇതുവരെ കരാര്‍ ഉണ്ടായിട്ടില്ല. പിന്നെങ്ങനെയാണ് കാലവധി കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. കൊച്ചി മെട്രോ നഷ്ടമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. കൊച്ചി മെട്രോ എന്നല്ല, ലൈറ്റ് മെട്രോ അടക്കം ഒരു മെട്രോയും ലാഭം ഉണ്ടാക്കില്ല. പൂര്‍ണ സജ്ജമായാലേ ഗുണകരമാകു. മാത്രമല്ല സര്‍ക്കാര്‍ പദ്ധതികള്‍ ലാഭം മാത്രം ലക്ഷ്യമിട്ടുള്ളതല്ല, അത് സേവനം കൂടിയാണ്. ലാഭമില്ലെന്ന് മാത്രം പറഞ്ഞ് പിന്‍വാങ്ങാനാവില്ല വരുമാനത്തില്‍ നിന്ന് ചിലവുകള്‍ കണ്ടെത്താനാവുമെന്ന സ്ഥിതി മാത്രമേ പരമാവധി സാധ്യമാകൂ എന്നും ശ്രീധരന്‍ പറഞ്ഞു.
തലശ്ശേരി - മൈസൂര്‍ പാതയ്‌ക്കെതിരെ ഡിഎംആര്‍സി റിപ്പോര്‍ട്ട് നല്‍കിയത് സര്‍ക്കാരിന് അനിഷ്ടമുണ്ടാക്കി. മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ താല്‍പര്യമുണ്ടായിരുന്ന പ്രൊജക്ടാണിത്. കേരളത്തിലെ മൂന്നിലൊന്ന് ജനങ്ങള്‍ക്ക് മാത്രം ഗുണമുള്ള പ്രൊജക്ടാണ് അത്. ഞങ്ങളുടെ എല്ലാ റിപ്പോര്‍ട്ടുകളും സത്യസന്ധവും സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപമാനിതനായെന്ന തോന്നലില്ല. മന്ത്രി സുധാകരന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ശൈലിയാണ്. ജന്‍മനാട്ടില്‍ വന്ന് പുലിവാല് പിടിച്ചെന്നും കരുതുന്നില്ല.കേരളത്തിനായി മറ്റു പല കാര്യങ്ങളിലും പങ്കാളിയാണ്. ഇത് ഡിഎംആര്‍സിയും സര്‍ക്കാരും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കരുതെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടു. താന്‍ കാരണമാണ് ഡി എം ആര്‍ സി ഈ പ്രൊജക്ട് എറ്റെടുത്തതെന്നും താന്‍ പിന്‍വാങ്ങുന്നതിനാല്‍ അവരും പിന്‍ വാങ്ങുന്നെന്ന് മാത്രമെന്നും അദ്ദേഹം അറിയിച്ചു.