'അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും', അവധി അപേക്ഷകള്‍ നിറഞ്ഞ് കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജ്


2 min read
Read later
Print
Share

''പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.,എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും..! പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും.ഇനി വരാനിരിക്കുന്ന കളക്ടര്‍ന്മാര്‍ക്ക് ഒരു യെസ് പറയാന്‍ ധൈര്യം കൊടുക്കുന്നൊരു ചരിത്രം..''

''രണ്ടു ദിവസം കൊണ്ട് ഞങ്ങളാണ് ഈ പേജിനു ലൈക് കൂട്ടിയത്.... നാളെ കൂടെ അവധി തന്നാല്‍ 10k ഷുഗര്‍..'' എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വന്ന കമന്റുകളിലൊന്നാണിത്. സിനിമാ പേജുകള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമല്ല ലൈക് തൊഴിലാളികളുടെ വക വാരിക്കോരി സ്‌നേഹം, ജില്ല കളക്ടര്‍മാര്‍ക്കുമുണ്ട്. പക്ഷേ അതങ്ങനെ വെറുതെ കിട്ടുന്നതുമല്ല, കോരിച്ചൊരിയുന്ന മഴയത്ത് ഒരവധി പ്രഖ്യാപിച്ചാല്‍ മാത്രം മതി, കളക്ടറെ ന്യൂജെന്‍ ഏറ്റെടുത്തോളും.

മഴ കനക്കുന്ന ദിവസങ്ങളില്‍ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് ഇതാദ്യമൊന്നുമല്ല, പക്ഷേ മഴ മാനത്തു നിന്നുതിരുമ്പോഴേക്കും അവധി ഡിമാന്‍ഡ് ചെയ്ത് വിദ്യാര്‍ഥികള്‍ തന്നെ രംഗത്തെത്താന്‍ തുടങ്ങിയിട്ട് അധികമൊന്നും ആയില്ല. സമൂഹമാധ്യമങ്ങള്‍ വഴി അവധികള്‍ അറിയിക്കല്‍ എളുപ്പമായതിനൊപ്പം വിദ്യാര്‍ഥികള്‍ക്കും മഴയുടെ ലൈവ് അപ്‌ഡേഷന്‍ അറിയിച്ച് അവധി ചോദിക്കല്‍ ഈസിയായി.

അവധിക്കായി ഒരുപടികൂടി കടന്ന് സിനിമാ സ്റ്റൈലില്‍ അഭ്യര്‍ഥിക്കുന്നവരും കുറവല്ല. ''പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.,എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും..! പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും.ഇനി വരാനിരിക്കുന്ന കളക്ടര്‍ന്മാര്‍ക്ക് ഒരു യെസ് പറയാന്‍ ധൈര്യം കൊടുക്കുന്നൊരു ചരിത്രം.. ട്രാഫിക് സിനിമയിലെ പഞ്ച് ഡയലോഗ് അതുപോലെ പകര്‍ത്തി ലീവ് അഭ്യര്‍ഥിച്ച ഒരു വിരുതന്റെ കമന്റാണിത്.

തീര്‍ന്നില്ല, കളക്ടര്‍ സാറിനെപ്പോലെ വലിയ ഒരാളായി തീരണമെന്നാണ് ആഗ്രഹമെങ്കിലും മഴയത്ത് സ്‌കൂളില്‍ പോയി അബദ്ധവശാല്‍ വല്ല ഒഴുക്കിലോ തോട്ടിലോ വീണു മരിച്ചാല്‍ ഈ സമൂഹത്തിനു കിട്ടേണ്ട വലിയൊരു മുത്തിനെ നിങ്ങള്‍ക്കു നഷ്ടമാകും, ഒരവധി തരുമോ എന്നു പോകുന്നു മറ്റൊരാളുടെ കമന്റ്. അവധി നല്‍കിയ കളക്ടറിന്റെ പേജിന് ലൈക്കുകള്‍ വാരിക്കൂട്ടി ഇനിയും അവധി തന്നാല്‍ ലൈക്കുകള്‍ വര്‍ധിപ്പിക്കാം എന്നു വിലപേശുന്നവരും കുറവല്ല.

മഴക്കാലങ്ങളില്‍ അവധി പ്രഖ്യാപിക്കുമ്പോള്‍ കളക്ടര്‍മാര്‍ വിസ്മരിച്ചുപോകുന്നൊരു വിഭാഗമാണ് പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥികള്‍. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു എന്നാണ് മിക്കപ്പോഴും അറിയിപ്പുകള്‍ വരാറുള്ളത്. ഈ വിവേചനത്തില്‍ വേദനിക്കുന്ന ഒരു വിഭാഗം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളും കളക്ടറുടെ ഫേസ്ബുക് പേജില്‍ അണിനിരന്നിട്ടുണ്ട്.

നാളെ എങ്ങാനും അവധി കൊടുക്കുകയാണെങ്കില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ തരണം, ഞങ്ങള്‍ കോളേജില്‍ പഠിക്കുന്നത് നീന്തലല്ല സാര്‍ എന്നാണ് ഈ വിഭാഗത്തിന്റെ കമന്റുകള്‍. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടുകൊണ്ടുള്ള അറിയിപ്പിനു താഴെയാണ് വിദ്യാര്‍ഥികള്‍ അവധി അപേക്ഷകളുമായി അണിനിരന്നത്.

എന്തായാലും സമൂഹമാധ്യമത്തിലെ വിദ്യാര്‍ഥികളുടെ അലമുറയിടലിനൊരു ആശ്വാസമായി അല്‍പസമയത്തിനകം കളക്ടര്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കളക്ടറിന് അഭിനന്ദന പ്രവാഹവുമായി വീണ്ടും എത്തി വിദ്യാര്‍ഥികള്‍. കളക്ടര്‍ സാര്‍ തങ്ങളുടെ അഭിമാനം മാത്രമല്ല അഹങ്കാരമാണെന്നും പ്രൊഫഷണല്‍ കോളേജിലെ പിള്ളേരും മനുഷ്യരാണ് എന്ന് മനസ്സിലാക്കാന്‍ കാണിച്ച ആ വലിയ മനസ്സ് കാണാതെ പോകരുതെന്നു കളക്ടര്‍ വെറും മാസല്ല കൊലമാസാണെന്നുമൊക്കെ പോകുന്നു കമന്റുകള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഓണപ്പരീക്ഷ: മൂല്യനിര്‍ണയം എപ്പോള്‍ നടത്തുമെന്ന് അധ്യാപകര്‍

Sep 8, 2015


mathrubhumi

2 min

കത്തുകള്‍ ഉപയോഗിച്ച് എ.കെ.ജിയെ ഇ.എം.എസ്. ബ്ലാക്ക്‌മെയില്‍ ചെയ്തു: സിവിക് ചന്ദ്രന്‍

Jan 8, 2018