തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.
വക്കിലന്മാരെ പേടിപ്പിക്കേണ്ടായെന്നും സ്ത്രീയായി പോയി അല്ലെങ്കില്‍ ചേംബറില്‍ നിന്ന് വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനെയെന്നും അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതാണ് മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകര്‍ തിരിയാന്‍ കാരണമായത്. ജാമ്യം നിഷേധിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുള്ള അഭിഭാഷകര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപയുടെ ചേംബറിലേക്കെത്തി. അവിടെവെച്ച് മജിസ്‌ട്രേറ്റിനെതിരെ കൈ ചൂണ്ടി സംസാരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മാത്രമല്ല മജിസ്‌ട്രേറ്റിനെ തടഞ്ഞുവെക്കുകയും ഇവിടെനിന്ന് പുറത്തിറങ്ങുന്നത് കാണട്ടെയെന്നും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. ഇതിനൊപ്പമാണ് സ്ത്രീയായി പോയി അല്ലെങ്കില്‍ ചേംബറില്‍ നിന്ന് വലിച്ചിട്ട് തല്ലിച്ചതച്ചേനെയെന്ന് ഭീഷണി മുഴക്കിയത്.
കേസില്‍ ആകെ 12 പ്രതികളാണ് ഉള്ളത്. ഇതില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജയചന്ദ്രന്‍ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി അസോസിയേഷന്റെ സെക്രട്ടറിയായ പാച്ചല്ലൂര്‍ രാധാകൃഷ്ണനാണ്. ഇവര്‍ രണ്ടുപേരുമാണ് മജ്‌സ്‌ട്രേറ്റായ ദീപമോഹന്റെ ചേംബറിലേക്ക് ആദ്യമെത്തിയത്.
പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവ് പിന്‍വലിക്കുന്നോ ഇല്ലയോ എന്ന് ചോദിച്ചായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ കൂടുതല്‍ അഭിഭാഷകരെ ചേംബറിന് മുന്നിലെത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയും മജ്‌സ്‌ട്രേറ്റിനെ തടഞ്ഞുവെക്കുകയും ചെയ്തു.
Content Highlights: Lawyers threatened magistrate for not granting bail to culprit in Thiruvananthapuram