കൊച്ചി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സി.ബി.ഐ അഭിഭാഷകനും പിണറായിയുടെ അഭിഭാഷകനും കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് കേസ് വീണ്ടും മാറ്റിയത്. അതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ആളൂര്‍ മുഖേനെ ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജികൂടി സമര്‍പ്പിക്കപ്പെട്ടു. എം.ആര്‍ അജിത്കുമാര്‍ എന്നയാളാണ് ഹര്‍ജിക്കാരന്‍.
കഴിഞ്ഞ ജനുവരി ഒമ്പതിന് ഹര്‍ജി സിംഗിള്‍ ബെഞ്ചില്‍ വന്നപ്പോള്‍ പിണറായിക്കു വേണ്ടി ഹാജരാകേണ്ട മുതിര്‍ന്ന അഭിഭാഷകന് ആരോഗ്യ കാരണങ്ങളാല്‍ എത്താനാവില്ലെന്ന് ജൂനിയര്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി അന്ന് മാറ്റിയത്. ആഴ്ചകള്‍ വാദം നടത്തേണ്ട കേസല്ല ഇതെന്നും വേഗം തീര്‍ക്കാവുന്നതാണെന്നും അന്ന് സിംഗിള്‍ ബെഞ്ച് വാക്കാല്‍ വിലയിരുത്തിയിരുന്നു.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
Share this Article
Related Topics