കൊച്ചി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടി. സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകാനാണ് സി.ബി.ഐ സമയം ആവശ്യപ്പെട്ടത്. പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തര്‍ ആക്കിയതിന് എതിരെ സി.ബി.ഐ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.
കേസ് പഠിക്കാന്‍ സമയം വേണമെന്ന് സി.ബി.ഐ നേരത്തെയും ആവശ്യം ഉന്നയിച്ചിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് പി ഉബൈദ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ വരുന്നത് ആദ്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരനാണ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരായത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.