ആലപ്പുഴ: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ വിളിച്ചു ചേര്‍ത്ത അവലോകനയോഗത്തില്‍ ധാരണ. കുട്ടനാട് പാക്കേജിലെ ശുപാര്‍ശകളില്‍ നടക്കാതെ പോയ കാര്യങ്ങള്‍ നടത്തുക, അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുക എന്നിവയാണ് പ്രധാന തീരുമാനം. കുട്ടനാട് പാക്കേജിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കേന്ദ്രസഹായം നേടാന്‍ യോഗം തീരുമാനം എടുത്തു.
പ്രളയക്കെടുതിയില്‍ ആയിരം കോടിയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തല്‍. പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു.
കുട്ടനാട് പാക്കേജില്‍ നടക്കാതെ പോയ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടവയായിരുന്നു എസി കനാലടക്കമുള്ള മറ്റു കനാലുകളുടെ പ്രവര്‍ത്തനം. ഇവ പ്രവര്‍ത്തനസജ്ജമാക്കാന്‍ തീരുമാനമായി. പാക്കേജിനായി 400 കോടി രൂപ വകയിരുത്തിയെങ്കിലും ഇവ നഷ്ടമാവുന്ന സാഹചര്യമാണ് ഉണ്ടായത്.
കുട്ടനാട്ടിലുള്ള മടകള്‍ പലതും പൊട്ടി കിടക്കുന്നതിനാല്‍ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്.മടകള്‍ കുത്തി വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് ഇവിടം ജനവാസയോഗ്യമാക്കുക എന്നതാണ് മറ്റൊരു പ്രധാന തീരുമാനം.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കി ഒക്ടോബറില്‍ നെല്‍കൃഷിയിറക്കും.പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൃഷി വകുപ്പ് ഉദ്യാഗസ്ഥരെ നിയമിക്കും. പ്രവര്‍ത്തനങ്ങള്‍ റവന്യു വകുപ്പ് ഏകോപിപ്പിക്കും.
2 മണിക്കൂര്‍ നേരത്തെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം മുഖ്യമന്ത്രി 12 മണിക്ക് പുറത്തെത്തിയെങ്കിലും ഉന്തും തള്ളും ഉള്ളതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കാനായില്ല. തുടര്‍ന്ന് ജി. സുധാകരന്‍, മന്ത്രി വി സുനില്‍ കുമാര്‍ എന്നിവരാണ് മാധ്യമങ്ങളോട് ചര്‍ച്ചയെ പറ്റി വിശദീകരിച്ചത്.