തിരുവനന്തപുരം: തൃപ്തി ദേശായിയ്ക്കും സംഘത്തിനും ശബരിമല സന്ദര്‍ശനത്തിനുള്ള വഴിയൊരുക്കിയാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. തൃപ്തി ദേശായിയുടെ വരവ് ശബരിമല തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഫലമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായി എത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ഥാടന മഹോത്സവം നടക്കരുതെന്നാഗ്രഹിക്കുന്ന ഒട്ടേറെ ശക്തികളുണ്ട്. ശബരിമലയിലെ സമാധാനം ഭഞ്ജിച്ചും ആചാരങ്ങളും വിശ്വാസങ്ങളും ലംഘിച്ചു ഭക്തരുടെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നുള്ളതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍. സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് കാണുന്നത് തികച്ചും ഖേദകരമാണെന്നും കുമ്മനം പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ കണ്ണിലെ കൃഷ്ണമണി സൂക്ഷിക്കുന്നവരാണ് അയ്യപ്പ ഭക്തന്മാര്‍. സ്വാഭാവികമായും ഭക്തരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഉണ്ടാവും. അതു കൊണ്ട് സര്‍ക്കാരാണ് കര്‍ശനനടപടി സ്വീകരിക്കേണ്ടതെന്നും കുമ്മനം ആവശ്യപ്പെട്ടു.
Content Highlights: Kummanam responds about Trupti Desai's arrival
Share this Article
Related Topics