തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് സൂചന. കുമ്മനം സ്ഥാനാര്‍ഥിയാകണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം കുമ്മനത്തോട് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം.
വട്ടിയൂര്‍കാവില്‍ മത്സരിക്കുന്നതിന് കുമ്മനത്തിനോ ആര്‍എസ്എസ് നേതൃത്വത്തിനോ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്നല ജില്ലാ സെക്രട്ടറി നേരിട്ടു കണ്ട് കുമ്മനത്തോട് സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യപ്പെട്ടു. അതിനു ശേഷം മാധ്യമങ്ങളെ കണ്ട കുമ്മനം താന്‍ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ന് കൊച്ചിയില്‍ ബിജെപി കോര്‍ കമ്മിറ്റി ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റി കുമ്മനത്തിന്റെ പേര് നിര്‍ദേശിച്ചതായി കോര്‍ കമ്മിറ്റിയില്‍ അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കുന്നില്ലെന്ന നിലപാടില്‍ കുമ്മനം ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മാത്രമേ മറ്റു പേരുകള്‍ പരിഗണിക്കാന്‍ ഇടയുള്ളൂ എന്നാണ് അറിയുന്നത്. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം വി. വി. രാജേഷ് എന്നിവരുടെ പേരുകളാണ് പിന്നെ പരിഗണനയിലുള്ളത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ കുമ്മനം മത്സരിക്കേണ്ട എന്ന നിലപാടാണ് ആര്‍എസ്എസ് നേതൃത്വം എടുത്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു. മുന്‍പ് ഒ. രാജഗോപാല്‍ 15000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സ്ഥാനത്തായിരുന്നു കുമ്മനം ഇത്രയും വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു ആര്‍എസ്എസിന്റെ നിലപാട്.
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ 24ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം ഉണ്ടാകും. സിപിഎം നേതാക്കളായ വി. ശിവന്‍കുട്ടി, കെ.എസ് സുനില്‍കുമാര്‍ എന്നിവരുടെയും മേയര്‍ വി.കെ പ്രശാന്തിന്റെയും പേരുകള്‍ ഉയരുന്നുണ്ട്.
കോണ്‍ഗ്രസില്‍നിന്ന് പത്തോളം പേര്‍ രംഗത്തുണ്ട്. മുന്‍ എം.എല്‍.എ. കെ. മോഹന്‍കുമാര്‍, എന്‍. പീതാംബരക്കുറുപ്പ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യൂത്ത് നേതാക്കള്‍വരെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: kummanam rajasekharan may contest in vattiyoorkavu constituency