തിരുവനന്തപുരം: ഫെയ്‌സ്ബുക്കില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള പോര് തുടരുന്നു. ഒടുവില്‍ കുമ്മനം സര്‍ക്കാര്‍ ജോലി രാജി വെച്ചതിനെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കടകംപള്ളി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കുമ്മനം.
എല്ലാം അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങളില്‍ കൂടി പ്രഖ്യാപിച്ച ശേഷവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തനിക്കെതിരെ വീണ്ടും രംഗത്ത് വന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തവണയും അദ്ദേഹം സംസാരിക്കുന്നത് ദേശാഭിമാനി പത്രത്തിന്റെ നിലവാരത്തില്‍ ആണെന്നതാണ് ദയനീയം. കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പഴയ പാരലല്‍ കോളേജ് അദ്ധ്യാപകനല്ല, മറിച്ച് ഈ നാടിന്റെ മന്ത്രിയാണ്. തനിക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി രാജിവെക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് അറിയാമെന്ന് പറയുന്ന മന്ത്രി അത് വെളിപ്പെടുത്തണം.
ഞാന്‍ ജോലി രാജിവെച്ച് ആര്‍എസ്എസ് പ്രചാരകനായി പൊതു പ്രവര്‍ത്തനം നടത്തുന്നത് വര്‍ഗ്ഗീയ പ്രവര്‍ത്തനമാണോ? നിലക്കല്‍ പ്രക്ഷോഭത്തെ വര്‍ഗ്ഗീയ പ്രവര്‍ത്തനമായാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അത് താങ്കളുടെ പാപ്പരത്തം എന്നേ പറയാന്‍ സാധിക്കൂ. മാറാട് ഒരു രേഖയിലും കുമ്മനം രാജശേഖരന്‍ എന്ന പേര് ആരോപണ വിധേയനായോ പ്രതിയായോ ഉണ്ടാകില്ല. തലശ്ശേരിയില്‍ നടന്ന കലാപത്തിന് ഉത്തരവാദികള്‍ ആരാണെന്ന് അങ്ങയോടൊപ്പം മന്ത്രിസഭയില്‍ ഇപ്പോഴുമുള്ള സിപിഐ മന്ത്രിമാരോട് ഒന്ന് അന്വേഷിക്കണം.
ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഇപ്പോഴും താങ്കളും പാര്‍ട്ടിയും അപവാദം പറഞ്ഞു നടക്കുന്നതില്‍ സഹതാപമുണ്ട്. ശബരിമല വിഷയത്തില്‍ താങ്കള്‍ മുഖ്യമന്ത്രിക്കൊപ്പമാണോ പാര്‍ട്ടി വിലയിരുത്തലിനൊപ്പമാണോയെന്ന് വ്യക്തമാക്കണം. ഞാന്‍ മത്സരിക്കാന്‍ ഇല്ലായെന്ന് പാര്‍ട്ടിയെ അറിയിച്ചത് പ്രകാരമാണ് എന്നെ ഒഴിവാക്കിയത്. അത് എന്റെ സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നന്നായി അറിയുന്നതു കൊണ്ട് അങ്ങ് ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
content highlights: kummanam rajasekharan, facebook post, kadakampally surendran