പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര പയ്യന്നൂരില്‍ നിന്നും ആരംഭിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം സംസ്ഥാന നേതാക്കളും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരും യാത്രയില്‍ പങ്കുചേര്‍ന്നു.
ജനരക്ഷാ യാത്രയുടെ ഭാഗമാവാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും.കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയിലാകും ആദിത്യനാഥ് പങ്കെടുക്കുക.
കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് രാവിലെയാണ് അമിത് ഷാ ഉദ്ഘാടനം ചെയ്തത്. വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര ഈ മാസം 17 ന് തിരുവനന്തപുരത്ത് സമാപിക്കും.ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘം പദയാത്രയില്‍ അണിചേരും. 300 സ്ഥിരാംഗങ്ങള്‍ ജാഥയില്‍ ഉണ്ടാകും.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ് എന്നിവര്‍ യാത്രയിലുണ്ട്.കാസര്‍കോട് ജില്ലയില്‍നിന്നുള്ളവര്‍ ആദ്യദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള യാത്രയില്‍ പങ്കെടുക്കും. പയ്യന്നൂര്‍ ശ്രീപ്രഭാ ഓഡിറ്റോറിയത്തില്‍ 10,000 പേര്‍ക്ക് ഉച്ചഭക്ഷണമൊരുക്കും. ദൂരെനിന്ന് എത്തുന്ന പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണിത്. 20 കൗണ്ടറുകളിലായി വെജിറ്റബിള്‍ ബിരിയാണിയാണ് വിതരണം ചെയ്യുക.
പയ്യന്നൂര്‍ ടൗണിലെ മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് തുടങ്ങി സെന്‍ട്രല്‍ ബസാറില്‍ സംഗമിച്ചാണ് ജാഥ പ്രയാണം തുടങ്ങുക. പയ്യന്നൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഏഴിലോട്ട് അരമണിക്കൂര്‍ വിശ്രമിക്കും. ആറുമണിക്ക് പിലാത്തറയിലെത്തുകയും തുടര്‍ന്ന് പൊതുയോഗം നടക്കും.
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ്, ജലവിഭവ സഹമന്ത്രി അര്‍ജ്ജുന്‍ മേഘ് വാള്‍, നേതാക്കളായ മനോജ് തിവാരി, മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പദയാത്രയില്‍ സംബന്ധിക്കും.