തിരുവനന്തപുരം: കേസ് നടന്ന 12 വര്‍ഷവും ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആര്‍എസ്എസുകാരെന്നും അവര്‍ ഒറ്റയടിക്ക് നിലപാട് മാറ്റിയപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ ശ്രമം എതിര്‍ക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് പോലെ, അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടില്ല. അത് അതിന്റേതായ സമയങ്ങളിലേ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ 40 ലക്ഷത്തിലധികം വനിതകള്‍ പങ്കെടുക്കും. അമ്പത് ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളും മതിലില്‍ അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിന്റെ മറവില്‍ ഹിന്ദുത്വ ഏകീകരണത്തിനുള്ള ആര്‍എസ്എസിന്റെ ശ്രമം പൊളിക്കുന്നതിന് വേണ്ടിയാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചത്. ഇതോടെ ആദ്യം ആര്‍എസ്എസിന്റെ കൂടെ പോയവര്‍ക്ക് പിന്നീട് പുനര്‍വിചിന്തനമുണ്ടായി നവോത്ഥാനമൂല്യങ്ങള്‍ക്കൊപ്പം അണിനിരക്കാന്‍ തീരുമാനിച്ചു. മുസ്ലിം-ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ പിന്തുണയും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. അവര്‍ ഇതിന്റെ ഭാഗമാകുകയും ചെയ്യും. മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് ഇത് വര്‍ഗീയ മതിലെന്ന് പറഞ്ഞത്. ഓരോരുത്തരേയും പ്രീണിപ്പിച്ച് പ്രീണിപ്പിച്ചാണ് കോണ്‍ഗ്രസിന് ഈ ഗതി വന്നതെന്ന് നേതൃത്വം മനസ്സിലാക്കണം.
എന്‍എസ്എസ് സ്ത്രീപ്രവേശനത്തിന് ആദ്യം മുതലേ എതിരാണ്. അവര്‍ കോടതിയില്‍ അതിന് വേണ്ടി വാദിച്ചവരുമാണ്. അവര്‍ക്ക് അവരുടെ നിലപാട് സ്വീകരിക്കാം. എന്നാല്‍ കേസ് നടന്ന 12 വര്‍ഷവും ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആര്‍എസ്എസുകാര്‍. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കണമെന്ന് പറയുകയും വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് പറയുകയും ചെയ്ത അവരുടെ നിലപാട് തുറന്ന് കാണിക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്നും കോടിയേരി പറഞ്ഞു.
ഒരു സമുദായ സംഘടനകളോടും ശത്രുതാപരമായ നിലപാട് ഞങ്ങള്‍ക്കില്ല. എസ്എന്‍ഡിപി ആര്‍എസ്എസിന്റെ കൂടെ പോയപ്പോഴും ഞങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഞങ്ങള്‍ പറയാനുള്ള കാര്യങ്ങള്‍ പറയുകതന്നെ ചെയ്യും. ആര്‍എസ്എസും കോണ്‍ഗ്രസും വനിതാ മതിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരുക്കങ്ങള്‍ക്ക് ഒരു പോറലുമേറ്റിട്ടില്ല. വിവാദങ്ങള്‍ നന്നായി എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.
നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ മുദ്രാവാക്യങ്ങളുള്ള പ്ലക്കാര്‍ഡുകളായിരിക്കും വനിതാ മതില്‍ അണിനിരക്കുന്നവര്‍ പിടിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്നീ മൂന്ന് മുദ്രാവാക്യങ്ങളുള്ള പ്ലക്കാര്‍ഡുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. ലോക ശ്രദ്ധയില്‍ നേടുന്ന ഗിന്നസ്ബുക്കില്‍ ഇടംപിടിക്കുന്ന പരിപാടിയായിരിക്കും വനിതാ മതില്‍. ഏതെങ്കിലും മതത്തിന്റേതായിരിക്കില്ല. മതനിരപേക്ഷതയുടെ ഒരു സംഗമമായിരിക്കും. അഖിലേന്ത്യാ തലത്തിലുള്ള സ്ത്രീ നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താനും ഇന്ന് നടന്ന യോഗം തീരുമാനിച്ചു. ഇതിനായി ഒരു സംസ്ഥാനതല ശില്‍പശാല എകെജി സെന്ററില്‍ സംഘടിപ്പിക്കും. അസംബ്ലിതല സെക്രട്ടറിമാര്‍ മുതല്‍ ഇതില്‍ പങ്കാളികളാകും. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കി കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാറിനെ എത്തിക്കാന്‍ ഇടതുപക്ഷത്തിന് പരമാവധി എംപിമാരെ സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
Content Highlights: cpim-nss, kodiyeri balakrishnan, rss-bjp, women wall