'കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നടത്തുന്നത് ആര്‍എസ്എസ് സ്‌പോണ്‍സേര്‍ഡ് സത്യാഗ്രഹം'


സത്യാഗ്രഹ പന്തല്‍ ആര്‍എസ്സ്എസ്സ് നേതാവ് സന്ദര്‍ശിച്ചത് ഇതിനുള്ള തെളിവാണെന്നും കോടിയേരി

തൃശ്ശൂര്‍: കണ്ണൂരില്‍ സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്നത് ആര്‍എസ്എസ് സപോണ്‍സേര്‍ഡ് സത്യാഗ്രഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സത്യാഗ്രഹ പന്തല്‍ ആര്‍എസ്സ്എസ്സ് നേതാവ് സന്ദര്‍ശിച്ചത് ഇതിനുള്ള തെളിവാണെന്നും കോടിയേരി കുറ്റപ്പെടുത്തി. തൃശ്ശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നവര്‍ ആര്‍എസ്എസ്സിനെ സഹായിക്കുന്ന പ്രചാരണങ്ങളാണ് നടത്തുന്നത്. അത് ആത്മഹത്യാപരമാണ്. കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന സത്യാഗ്രഹം തന്നെ ആര്‍എസ്എസ്സ് സ്‌പോണ്‍സര്‍ഡ് സത്യാഗ്രഹമാണ്.സത്യാഗ്രഹ പന്തല്‍ ആര്‍എസ്സ്എസ്സ് നേതാവ് സന്ദര്‍ശിച്ചിരിക്കുന്നു.ഇത് കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ് ബന്ധമാണ് വ്യക്തമാക്കുന്നത്. ഈ രണ്ട് വിഭാഗവും ചേര്‍ന്ന് നടത്തുന്ന കടന്നാക്രമണത്തെ നേരിട്ടു കൊണ്ട് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തണമെന്ന് സന്ദേശമാണ് സമ്മേളനം നല്‍കുന്നത്', കോടിയേരി പറഞ്ഞു.

ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് അപകടകരമായ മുദ്രാവാക്യമാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. സിപിഎമ്മിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരില്‍ വിവിധ മതസ്ഥരുണ്ടെന്നും അദ്ദേഹം പ്രചാരണങ്ങളെ പ്രതിരോധിച്ചു കൊണ്ട് പറഞ്ഞു.

കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ വിഭാഗീയതയില്‍ സിപിഎം തകരാന്‍ പോവുകയാണെന്ന് പലരും പ്രചരിപ്പിച്ചു.ഇന്നീ പാര്‍ട്ടിക്ക് ഒരു ശബ്ദം മാത്രമേയുള്ളൂ എന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ കഴിഞ്ഞ മൂന്നുവര്‍ഷക്കാലം കൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയ വലിയ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram