തൃശ്ശൂര്‍: ഞായറാഴ്ച തൃശ്ശൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ മുഖം പതിവു പോലെ പ്രസന്നമായിരുന്നു. '' പാര്‍ട്ടി എന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ഈ സ്്ഥാനം. കേരളത്തില്‍ ഭരണത്തുടര്‍ച്ച കൈവരിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. കേരളീയ ജനതയുടെ 50 ശതമാനത്തിന്റെ പിന്തുണയുറപ്പിക്കാവുന്ന രീതിയില്‍ പാര്‍ട്ടി ഇനിയും വളര്‍ന്നിട്ടില്ല.'' ആ നേട്ടത്തിലേക്കുള്ള യാത്രയാണ് രണ്ടാം വട്ടം പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്്് വ്യക്തമാക്കാനും കോടിയേരി മറന്നില്ല.
പാര്‍ട്ടിയുടെ പ്രസാദാത്മക മുഖമെന്നാണ് കോടിയേരി വിശേഷിപ്പിക്കപ്പെടുന്നത്. '' പാര്ട്ടിക്കാര്ക്കെന്നല്ല , ആര്‍ക്കും കോടിയേരിയെ എപ്പോള്‍ വേണമെങ്കിലും സമീപിക്കാനാവും . ഏതു കാര്യവും തികഞ്ഞ ക്ഷമയോടെ കേട്ടിരിക്കാന്‍ സഖാവിനാവും. പ്രതിസന്ധികളില്‍ ഇത്രയും സംയമനം പാലിക്കാന്‍ കഴിയുന്ന മറ്റൊരു നേതാവില്ല. '' കോടിയേരി പാര്‍ട്ടി തലപ്പത്തേക്ക് വീണ്ടും വരുന്നതിലുള്ള ആഹ്ളാദം പങ്കുവെച്ചുകൊണ്ട് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
മറ്റെന്താരോപണം ഉന്നയിച്ചാലും ധാര്ഷ്ട്യക്കാരനാണെന്ന ശത്രുക്കള്‍ പോലും കോടിയേരിയെക്കുറിച്ച് പറയില്ല. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്ന സമയത്ത് അതിന്റെ കെണികളില്‍ പെടാതിരിക്കാന്‍ കോടിയേരി സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒരര്‍ത്ഥത്തില്‍ പിണറായയിയോടും വി എസ്സിനോടും ഒരു പോലെ ഇടപഴകാന്‍ കഴിയുന്ന ഒരു നേതാവ് സിപിഎമ്മിലുണ്ടെങ്കില്‍ അത് കോടിയേരിയാണ്.
എം വി രാഘവന്റെ ശിക്ഷണത്തിലാണ് കോടിയേരി പാര്‍ട്ടിയില്‍ ചുവടുറപ്പിച്ചത്. രാഘവന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ പിണറായി വിജയനൊപ്പം കണ്ണൂരില്‍ പാര്‍ട്ടിയുടെ അടിത്തറ തകരാതെ നോക്കാന്‍ കോടിയേരിയുമുണ്ടായിരുന്നു. കഴിയുന്നത്ര ആരേയും പിണക്കാത്ത കോടിയേരിക്ക് വ്യക്തിപരമായി പാര്‍ട്ടിക്കകത്തോ പുറത്തോ ശത്രുക്കളില്ല.
പാര്‍ട്ടിയില്‍ കോടിയേരിയുടെ വളര്‍ച്ച പൊതുവെ ക്രമാനുഗതമായിരുന്നു.പക്ഷേ, 2008 ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പോളിറ്റ്ബ്യൂറോയിലേക്ക് കോടിയേരി തിരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാന ഘടകത്തിലെ രണ്ട് സീനിയര്‍ നേതാക്കളെ മറികടന്നായിരുന്നു. 2015 ല്‍ ആലപ്പുഴ സമ്മേളനമാണ് കോടിയേരിയെ കേരളത്തില്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ആദ്യം കൊണ്ടുവന്നത്.
65 കാരനായ കോടിയേരി തുടര്‍ച്ചയായി 24 വര്‍ഷത്തോളം തലശ്ശേരി നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം കോടിയേരി ജയിലിലായിരുന്നു. മക്കളായ ബിനോയിയും ബിനീഷും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കോടിയേരിയെ എന്നും വലച്ചിട്ടുള്ളത്. ഏറ്റവും അവസാനം ഗള്‍ഫിലെ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവരുടെ പേരിലുയര്‍ന്ന സാമ്പത്തിക ക്രമക്കേടും കോടിയേരിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ഈ വിവാദങ്ങള്‍ക്കൊന്നും തന്നെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വീണ്ടുമെത്തുന്നതില്‍ നിന്നും കോടിയേരിയെ തടയാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സമസ്ത ആശീര്‍വ്വാദത്തോടെയും രണ്ടാം വട്ടം സംസ്്്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തത്ക്കാലത്തേക്കെങ്കിലും കോടിയേരിക്ക് മുന്നില്‍ വെല്ലുവിളികളൊന്നുമില്ല എന്നതാണ് വാസ്തവം.