കൊച്ചി: എറണാകുളം മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുനമ്പം മാല്യങ്കര കടവ് വഴി 43 അംഗ സംഘം വിദേശത്തേക്ക് കടന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിനിടെ കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ 25 ബാഗുകള്‍ കണ്ടെടുത്തു. മാല്യങ്കരയുടെ സമീപപ്രദേശമായതിനാല്‍ ഈ ബാഗുകളും വിദേശത്തേക്ക് കടന്നവര്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം സംഘത്തിലെ യുവതി ദിവസങ്ങള്‍ക്ക് മുമ്പ് ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ പ്രസവിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുശേഷം 12-ാം തീയതി പുലര്‍ച്ചെയോടെയാണ് സംഘം വിദേശത്തേക്ക് കടന്നത്. അതിനാല്‍ ഇവര്‍ സഞ്ചരിച്ച ബോട്ട് ഇപ്പോഴും പുറംകടലില്‍ എവിടെയങ്കിലും കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതിനായി കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തുന്നുണ്ട്.
മുനമ്പത്തെ ദയാമാത എന്ന ബോട്ടിലാണ് സംഘം വിദേശത്തേക്ക് കടന്നത്. ഒരു കോടിയിലേറെ രൂപയ്ക്ക് തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശിയാണ് ഈ ബോട്ട് വാങ്ങിയത്. എന്നാല്‍ ഇയാളുടെ മേല്‍വിലാസം വ്യാജമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ചെറായിലെ വിവിധ റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും താമസിച്ചിരുന്ന 43 അംഗ സംഘം ശ്രീലങ്കന്‍ അഭയാര്‍ഥികളാണെന്നാണ് നിഗമനം. കടല്‍മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യം. ഡിസംബറില്‍ കൊച്ചിയിലെത്തിയ ഇവര്‍ ദിവസങ്ങളോളം ചെറായിയില്‍ താമസിച്ച് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് വിദേശത്തേക്ക് കടന്നത്. ദീര്‍ഘയാത്രയ്ക്ക് വേണ്ട ഭക്ഷണവും കുടിവെള്ളവും ഡീസലുമെല്ലാം സംഘം നേരത്തെ കരുതിയിരുന്നു.
കടല്‍മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടന്ന് അഭയാര്‍ഥികളായി മാറിയശേഷം രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തില്‍ മനുഷ്യക്കടത്തിന് സഹായം നല്‍കുന്ന ഏജന്റുമാരും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: kochi munambam human trafficking case