തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നിങ്ങിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടക്കും. റെയില്‍വേ സുരക്ഷാ കമ്മിഷന്റെ പരിശോധനകള്‍ക്കു ശേഷം തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് തിരുമാനമായത്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും ശ്രീധരന്‍ അറിയിച്ചു. നേരത്തെ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള പാത പൂര്‍ത്തിയായ ശേഷം മതി ഉദ്ഘാടനം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പാലാരിവട്ടം വരെയുളള സര്‍വീസ് ഗുണകരമാകില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കെഎംആര്‍എല്ലിന് നിര്‍ദേശം നല്‍കിയിരുന്നതും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗം ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മഹാരാജാസ് കോളജ് വരെയുളള നിര്‍മാണം പൂര്‍ത്തിയായശേഷം മതി ഉദ്ഘാടനം എന്ന് നിലപാടെടുത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട സ്റ്റേഷനുകളുടെയും പാര്‍ക്കിങ് സ്ഥലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Share this Article
Related Topics