ന്യൂഡല്‍ഹി: ശനിയാഴ്ചത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ വേദിയിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മെട്രോമാന്‍ ഇ.ശ്രീധരനെ ഒഴിവാക്കി. ഉദ്ഘാടകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നാല് പേര്‍ക്ക് മാത്രമായിരിക്കും വേദിയില്‍ ഇരിപ്പിടമുണ്ടാകുക.
പ്രധാനമന്ത്രി, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാകും വേദിയിലുണ്ടാകുക. വേദിയില്‍ ഇരിക്കേണ്ടവരുടേതായി ഈ നാല് പേരുടെ പേരുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ കെ.എം.ആര്‍.എല്‍ നല്‍കിയത് 13 പേരുടെ പേരുകളായിരുന്നു ചടങ്ങിലേക്ക് നല്‍കിയത്. 13 പേരില്‍ നിന്ന് ഒമ്പത് പേരായി ചുരുക്കി. ഇതും വെട്ടിച്ചുരുക്കിയാണ് നാല് പേരെ മാത്രമാക്കിയത്.
കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി എന്നിവരെ കൂടി വേദിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്
മെട്രോ നിര്‍മ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ.ശ്രീധരന് പുറമെ കെ.എം.ആര്‍.എല്‍ എംഡി ഏലിയാസ് ജോര്‍ജ്, പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി.ടി തോമസ് എം.എല്‍.എ എന്നിവരെയാണ് ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍. വേദിയിലില്ലെങ്കിലും ചടങ്ങില്‍ ഇവരെല്ലാം പങ്കെടുക്കും