ആലുവ: ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തിയ കാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സ് ആണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ആലുവ ജോയിന്റ് ആര്‍.ടി.ഒ.യുടേതാണ് നടപടി. ഇയാളോട് ആര്‍.ടി.ഒ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശ ക്ലാസ്സില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ആംബുലന്‍സിന് വഴി കൊടുക്കാതെ നിയമലംഘനം നടത്തിയതിനും മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം വാഹനത്തിന്റെ രജിസ്‌ട്രേഡ് ഉടമയ്‌ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. വാഹനത്തിന്റെ ഉടമയ്ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
ശ്വാസതടസ്സം മൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിനു മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാക്കിയതിന് കാര്‍ ഡ്രൈവര്‍ക്കെതിരേ എടത്തല പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. പെരുമ്പാവൂരില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്‌സും ഒപ്പമുണ്ടായിരുന്നു.
സാധാരണ 15 മിനിറ്റു കൊണ്ട് കളമശ്ശേരിയിലെത്തേണ്ട ആംബുലന്‍സ് മുന്നില്‍പ്പോയ വാഹനം തടസ്സമുണ്ടാക്കിയതിനെത്തുടര്‍ന്ന് 35 മിനിറ്റു കൊണ്ടാണ് ആശുപത്രിയിലെത്തിയത്. ആംബുലന്‍സിനു മുന്നില്‍ വഴി കൊടുക്കാതെ പോയ വാഹനത്തിന്റെ ദൃശ്യങ്ങളും ആംബുലന്‍സിന്റെ ഡ്രൈവര്‍ മധു പോലീസിന് കൈമാറിയിരുന്നു.തുടര്‍ന്ന് വാഹനവും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Share this Article
Related Topics