കൊച്ചി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വിലയിരുത്തി. മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ വിദഗ്ദ്ധ സംഘം കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. അവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുല്‍ സഹായം നല്‍കുമെന്നും കിരണ്‍ റിജിജു അറിയിച്ചു.
കേരളത്തിന് അര്‍ഹമായ സഹായം തന്നെ ലഭ്യമാക്കും. . കാലവര്‍ഷക്കെടുതിയില്‍ പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം തന്നെ നല്‍കും. കേരളവും കേന്ദ്രവും ഒരുമിച്ച് കാലവര്‍ഷക്കെടുതിയെ നേരിടും. 80 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കി കഴിഞ്ഞെന്നും റിജിജു പറഞ്ഞു.
കാലവര്‍ഷക്കെടുതി സംഭവിച്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തിനെ അനുഗമിക്കുന്നുണ്ട്. അതേസമയം,കോട്ടയം ചെങ്ങളത്ത് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജുവിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ദുരിതബാധിതരോട് സംസാരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി പ്രദേശത്ത് തിരിച്ചെത്തി